കൊച്ചി: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നിർത്തിവച്ചിരുന്ന സിനിമ ചിത്രീകരണം ചൊവ്വാഴ്ച മുതൽ വീണ്ടും തുടങ്ങുന്നു. സിനിമ മേഖലയിലെ വിവിധ സംഘടന പ്രതിനിധികളുടെ യോഗത്തിൽ മാർഗരേഖ രൂപീകരിച്ചശേഷമാണ് ഷൂട്ടിംഗ് തുടങ്ങുന്നത്.
കേരളത്തിൽ ചിത്രീകരണം നടക്കുന്ന ചലച്ചിത്രങ്ങൾ, ഒടിടി പ്ലാറ്റ്ഫോം ഉൾപ്പെടെയുള്ള എല്ലാ മേഖലക്കും ഈ മാർഗ രേഖ ബാധകമായിരക്കും.
സിനിമ ചിത്രീകരണ സംഘത്തിൽ 50 പേർ മാത്രമേ പാടുള്ളു. ചിത്രീകരണത്തിന് 48 മണിക്കൂർ മുൻപുള്ള കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമാ സംഘത്തിലുള്ളവർ ലൊക്കേഷനിൽ നിന്ന് പുറത്ത് പോകാൻ പാടില്ല തുടങ്ങിയവയാണ് മാർഗരേഖകൾ.
ലൊക്കേഷനിലെത്തുന്ന സന്ദർശകർക്കും കോവിഡ് ടെസ്റ്റ് നിർബന്ധമാണ്. സിനിമ ചിത്രീകരിക്കുന്നവർ സംഘടനകൾക്ക് സത്യവാങ്മൂലം നൽകണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
ആർടിപിസിആർ നടത്തുന്ന ഐസിഎംആർ അംഗീകാരമുള്ള മൊബൈൽ ലാബുമായി പ്രൊഡ്യൂസർ നേരിട്ട് കരാറിൽ ഏർപ്പെടേണ്ടതും ഓരോ ക്രൂ മെമ്പറിന്റെയും ടെസ്റ്റ് റിസൾട്ട് നിജസ്ഥിതി ഉറപ്പ് വരുത്തി പ്രൊഡ്യൂസറിന്റെയും പ്രൊഡക്ഷൻ കൺട്രോളറിന്റേയും ഇ-മെയിലിൽ ലഭ്യമാക്കണം.
സെറ്റിൽ രാവിലെ തന്നെ ഓരോ അംഗത്തിന്റെയും ശരീരോഷ്മാവ് പരിശോധിച്ച് ലോഗ് ബുക്കിൽ രേഖപ്പെടുത്തണം. പ്രൊഡക്ഷൻ അസിസ്റ്റന്റ്, മേക്കപ്പ് വിഭാഗം, കോസ്റ്റിയൂം വിഭാഗം എന്നിവർ ജോലി സമയത്ത് കൈയുറകളും മാസ്കും ധരിക്കണം.
സെറ്റിലെ ഓരോ അംഗത്തിനും ഹാൻഡ് സാനിറ്റൈസർ ലഭ്യമാക്കണം. കഴിയുന്നതും പേപ്പർ ഗ്ലാസുകളും, പ്ലേറ്റുകളും ഉപയോഗിക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.