കൊച്ചി: അനുമതിയില്ലാതെ നടത്തിയ സിനിമാ ചിത്രീകരണത്തിനിടെ കൊച്ചിയില്‍ കാര്‍ തലകീഴായി മറിഞ്ഞ് നടന്മാര് ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ കാര്‍ ഡ്രൈവറുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
സിനിമയുടെ അണിയറ പ്രവര്‍ത്തകനായ കാര്‍ത്തിക്കാണ് കാര്‍ ഓടിച്ചിരുന്നത്. ഇയാളുടെ അറസ്റ്റാണ് ഇന്ന് സെന്‍ട്രല്‍ പോലീസ് രേഖപ്പെടുത്തുന്നത്. ജാമ്യം കിട്ടുന്ന വകുപ്പാണ്.
ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ എറണാകുളം എംജി റോഡില്‍ പത്മാ തീയേറ്ററിന് സമീപമായിരുന്നു അപകടം. ബ്രോമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നടന്മാരായ സംഗീത് പ്രതാപ്, അര്ജുന് അശോകന് എന്നിവര്‍ക്കും രണ്ട് ബൈക്ക് യാത്രികര്‍ക്കും പരിക്കേറ്റിരുന്നു. സിനിമയിലെ നായികയായ മഹിമ നമ്പ്യാരുടെ ഒരു റാഷ് ഡ്രൈവിംഗ് സീന്‍ ഷൂട്ട് ചെയ്യുന്നതിനിടെയായിരുന്നു അപകടം.
പല ടേക്കുകളിലായി ചിത്രീകരിച്ച സീനിന്റെ ഡ്രോണ്‍ ഷോട്ട് എടുക്കുകയായിരുന്നു. അര്ജുന് അശോകന് മുന്‍ സീറ്റിലും സംഗീത് പിന് സീറ്റിലുമായിരുന്നു. ഓവര്‍ടേക്ക് ചെയ്യുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ ഇരുവാഹനങ്ങളും കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ ബൈക്കില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.
പ്രദേശത്തുണ്ടായിരുന്നവരും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. കാര്‍ റോഡരുകില്‍ ബൈക്കില്‍ നില്‍ക്കുകയായിരുന്നു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജീവനക്കാരനെയും ഇടിച്ചു. അപകടത്തില്‍ കഴുത്തിന് പരിക്കേറ്റ സംഗീത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.