പത്തനാപുരം:സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ’സച്ചിൻ സണ്‍ ഓഫ് വിശ്വനാഥ് എന്ന സിനിമയുടെ ചിത്രീകരണം യൂത്ത്കോണ്‍ഗ്രസ്സ് പ്രവർത്തകർ അലങ്കോലപ്പെടുത്തി. ഷൂട്ടിംങ്ങ് പൂർത്തിയാക്കാതെ ചലച്ചിത്ര സംഘം മടങ്ങി. പത്തനാപുരം പളളിമുക്കിലെ താലൂക്ക് ഓഫീസ് പരിസരത്ത് ചിത്രീകരണം നടക്കുന്നതിനിടെയാണ് സംഭവം.
തിങ്കളാഴ്ച രാവിലെയാണ് പണം ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ്സ് പ്രവർത്തകർ എത്തിയത് . ഫണ്ടിലേക്ക് വൻ തുക പിരിവ് ആവശ്യപ്പെട്ടങ്കിലും നിർമ്മാതാവ് നൽകാൻ തയ്യാറായില്ല . തുടർന്ന് ഷൂട്ടിംങ്ങ് പൊതുജനത്തിന് തടസ്സമാണന്ന വാദം ആരോപിച്ച് കൊടിയുമേന്തി എത്തിയ എട്ടംഗ സംഘം ചിത്രീകരണം തടസ്സപ്പെടുത്തി . ചിത്രീകരണത്തിന്റെ സാധന സാമഗ്രികൾ യൂത്ത്കോണ്‍ഗ്രസുകാർ നശിപ്പിച്ചതായും ആക്ഷേപമുണ്ട്. ഇതേതുടർന്ന് ഷൂട്ടിംങ്ങ് പൂർത്തിയാകാതെ ചലച്ചിത്ര സംഘം മടങ്ങുകയായിരുന്നു.
കഴിഞ്ഞ ഒരു മാസമായി പത്തനാപുരം , പുനലൂർ മേഖലകളിലായി സിനിമയുടെ ചിത്രീകരണം നടന്നു വരുകയായിരുന്നു. ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്ന് സംവിധായകൻ സന്തോഷ് നായർ പറഞ്ഞു. 12 ഓളം താരങ്ങൾ അഭിനയിച്ചു കൊണ്ടിരിക്കുന്പോഴാണ് ലൊക്കേഷനിലേക്ക് യൂത്ത്കോണ്‍ഗ്രസുകാർ ഇരച്ചു കയറിയത്.
ധ്യാൻ ശ്രീനിവാസൻ , രഞ്ജി പണിക്കർ, മണിയൻ പിളള രാജു, അജു വർഗ്ഗീസ് , ഹരീഷ് കണാരൻ ,രമേഷ് പിഷാരടി തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കൾ . യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി നിർമ്മാതാവ് പറഞ്ഞു. സംഭവത്തിൽ എട്ട് യൂത്ത്കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ പത്തനാപുരം പോലീസിൽ പരാതി നൽകി .