കൊച്ചി: സിനിമ സമരം ഒഴിവാക്കാനായി സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ സിനിമ സംഘടനകളുടെ യോഗം നാളെ കൊച്ചിയില്‍ ചേരും.
മന്ത്രി സജി ചെറിയാന് സംഘടന നേതാക്കളുമായി സംസാരിച്ചിരുന്നു. പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്കുകയുണ്ടായി. തുടര്‍ന്ന് നാളെ നടക്കുന്ന യോഗത്തില്‍ സര്‍ക്കാരിന് സമര്‍പ്പിക്കേണ്ട ആവശ്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.
സിനിമ സമരത്തെ എതിര്‍ത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകള്‍ രംഗത്ത് എത്തിയിരുന്നു. സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തിരുന്നു.
ജിഎസ്ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്താൻ തീരുമാനിച്ചത്. ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന രീതിയിലാണ് നേരത്തെ സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.