കോഴിക്കോട്: ലാപ്ടോപ്പില്‍ സിനിമ കണ്ടുകൊണ്ടിരിക്കെ പണം ആവശ്യപ്പെട്ടുള്ള സന്ദേശത്തെതുടര്‍ന്ന് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.വിദ്യാര്‍ഥിക്ക് സന്ദേശമയച്ച വെബ്സൈറ്റ് വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
സൈബര്‍ സെല്‍ ഈ വെബ് വെബ്സൈറ്റിന്റെ ആധികാരിത പരിശോധിക്കുന്നുണ്ട്.അതിനുശേഷം ചിത്രം വ്യക്തമാകും.
വിദ്യാര്‍ഥി അവസാനം കണ്ട മൂന്നു സിനിമകളും സന്ദേശം എത്തിയ വെബ്സൈറ്റിന്റെ അനുബന്ധ ലിങ്കുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
സിനിമ കാണുന്നതിനിടയില്‍ വ്യാജ സന്ദേശത്തിന്റെ ലിങ്ക് ഓണ്‍ലൈനായി വന്നതാണോ അതോ വിദ്യാര്‍ഥി ഗൂഗിള്‍ സര്‍ച്ച് വഴി തേടിയതാണോ എന്ന് പരിളോധിച്ചുവരികയാണ്. ആത്മഹത്യചെയ്യുംമുമ്പ് എഴുതിയ കുറിപ്പില്‍ ഇത്തരം ലിങ്കുമായി ബന്ധപ്പെട്ട സൂചനയുള്ളതായാണ് വിവരം.
പണം ആവശ്യപ്പെട്ട് സന്ദേശം വരികയും ഭീഷണി വന്നശേഷം ലാപ്ടോപ് നിശ്ചലമാവുകയും ചെയ്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വിദ്യാര്‍ഥിയുടെ കുറിപ്പില്‍ പറയുന്നുണ്ട്. ചേവായൂർ സ്വദേശി ആദിനാഥാണ് (18) ആത്മഹത്യാ കുറിപ്പ് എഴുതിവച്ച ശേഷം ബുധനാഴ്ച വൈകിട്ട് ജീവനൊടുക്കിയത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം. ലാപ്ടോപിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ 33,900 രൂപ പിഴ അടയ്ക്കണമെന്നും അല്ലെങ്കിൽ ജയിലിലടക്കുമെന്നും സൂചിപ്പിച്ച് നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോ (എൻസിആർബി)യുടെ സന്ദേശം ലഭിച്ചുവെന്നാണ് ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
സിനിമ കണ്ടതല്ലാതെ ഞാൻ വേറെ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് തയാറാക്കിയ ശേഷം വിദ്യാർഥി ജീവനൊടുക്കിയത്.തനിക്ക് കുറേ പ്രയാസങ്ങൾ ഉണ്ടെന്നും അത് എല്ലാവരോടും പറയാൻ പറ്റുമോ എന്നറിയില്ലെന്നുമുള്ള ഏതാനും വാചകങ്ങളും ആത്മഹത്യാ കുറിപ്പിലുണ്ട്.
ഈ സാഹചര്യത്തിൽ ആത്മഹത്യയ്ക്കു പിന്നിൽ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്.മാതാവിന്റെ ലാപ്ടോപാണ് വിദ്യാർഥി ഉപയോഗിച്ചിരുന്നത്.
എൻസിആർബിയുടെ പേരിലുള്ള വ്യാജ സൈറ്റിൽ നിന്നാണ് വിദ്യാർഥിക്ക് ഭീഷണി സന്ദേശം എത്തിയതെന്ന വിവരം പോലീസിനു ലഭിച്ചിട്ടുണ്ട്.ഈ സൈറ്റിൽ എൻസിആർബിയുടെ എബ്ളവും ലോഗോയും ഉണ്ടായിരുന്നു. ചില സൈറ്റുകളിൽ പ്രവേശിക്കുന്പോഴാണ് ഇത്തരത്തിലുള്ള ഭീഷണി സന്ദേശം തട്ടിപ്പുകാർ അയക്കുന്നത്.
വ്യാജ സൈറ്റ് ഓപണായാൽ ലാപ്ടോപ് നിശ്ചലമാകും. ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ രേഖപ്പെടുത്താനുള്ള സ്ഥലത്തു മാത്രമേ മൗസ് പ്രവർത്തിക്കുകയുള്ളു.
ഭീഷണിപ്പെടുത്തുന്നത് പോണ്‍സൈറ്റുകളുടെ പേരിൽ
നിയമവിരുദ്ധമായ സൈറ്റുകളുടെ പേരു പറഞ്ഞാണ് ഓണ്‍ലൈൻ തട്ടിപ്പുസംഘം ആളുകളെ ഭീഷണിപ്പെടുത്തുന്നത്. ഉദാഹരണത്തിന് qumain.online എന്ന് ഇന്റർനെറ്റിൽ പരതിയാൽ ഈ പേരിനേക്കാൾ വലുതായി നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോ എന്ന് കാണുന്ന ലിങ്കാണ് പ്രത്യക്ഷപ്പെടുക.
ഒരു പോണ് സൈറ്റിലും പ്രവേശിക്കാതെ തന്നെ, ഈ സൈറ്റിൽ ക്ലിക്ക് ചെയ്താൽ ഉടൻ എൻസിആർബിയുടെ പേരിൽ തയാറാക്കിയ വ്യാജ സൈറ്റ് ഓപ്പണാകും. ഉടനടി കന്പ്യൂട്ടർ/ മൊബൈൽ ഫോണ്‍ നിശ്ചലമാകും.
നിങ്ങൾ നിയമവിരുദ്ധമായ പോണ് സൈറ്റുകളിൽ പ്രവേശിച്ചുവെന്നും സിസ്റ്റം ലോക്കായിയെന്നും പിഴ അടച്ചില്ലെങ്കിൽ ജയിലിൽ അടക്കുമെന്നും പറഞ്ഞാണ് ശബ്ദ സന്ദേശങ്ങൾ വന്നു തുടങ്ങുക.
തൊട്ടുതാഴെ പിഴ അടക്കാനായി ക്രെഡിറ്റ് കാർഡിന്റെ വിവരങ്ങൾ നൽകാനുള്ള കോളം പ്രത്യക്ഷപ്പെടും. ഈ കോളത്തിൽ ക്രെഡിറ്റ് കാർഡ് രേഖപ്പെടുത്താനല്ലാതെ മറ്റൊന്നിനും മൗസ് പ്രവർത്തിക്കില്ല.
ഓപ്പണായ വ്യാജ സൈറ്റ് ക്ളോസ് ചെയ്യാൻ കഴിയാതെ സിസ്റ്റം നിശ്ചലമാകുന്പോൾ എൻസിആർബിയാണ് ഇതിനു പിന്നിലെന്ന് ആളുകൾ തെറ്റിദ്ധരിക്കും. ഇന്റർനെറ്റിൽ നഗ്ന വീഡിയോകൾ കണ്ടില്ലെങ്കിലും അങ്ങനെ പറഞ്ഞ് ഭീഷണിപ്പെടുത്തുന്പോൾ പലരും പണമടയ്ക്കും.
ഈ പണം തട്ടിപ്പു സംഘത്തിനാണ് ലഭിക്കുക. ഇതുപോലുള്ള കെണിയിലാണ് വിദ്യാർഥിയെ അകപ്പെടുത്തിയതെന്നാണ് പോലിസിന്റെ സംശയം.