കൊച്ചി: മക്കൾക്കു സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്നു പറഞ്ഞു കബളിപ്പിച്ചു 14 ലക്ഷം രൂപ തട്ടിയെടുത്തയാളെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. പെരുന്പാവൂരിലെ ഒരു പന്പിൽ ജീവനക്കാരനായ അങ്കമാലി നായത്തോട്ടുകരയിൽ കെ.കെ. ഗോപകുമാർ, എറണാകുളം ചീരിക്കാട്ടുപാറ മുരിങ്ങോലിപ്പറന്പിൽ എം.കെ. വേണുഗോപാലിനെതിരേ നൽകിയ പരാതിയിലാണു നടപടി.
ഡിവൈഎസ്പി റാങ്കിൽ കുറയാത്ത സീനിയർ ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താൻ എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ ഉത്തരവ് നൽകി. കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസാണ് ഉത്തരവിട്ടത്.