കോഴിക്കോട്: തിയറ്ററുകളില്‍ അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന സര്‍ക്കാര്‍ നിര്‍ദേശം ഒരു വിഭാഗം തിയറ്റര്‍ ഉടമകള്‍ കാറ്റില്‍ പറത്തിയതോടെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വീണ്ടുവിചാരത്തിനൊരുങ്ങുന്നു.
നിലവിലെ സാഹചര്യത്തില്‍ നിര്‍മാതാക്കളും തിയറ്റര്‍ ഉടമകളും തമ്മില്‍ ഏറ്റുമുട്ടുന്ന സാഹചര്യമാണ് ഉള്ളത്. നിലവില്‍ തിയറ്ററുകളില്‍ ഓടി കൊണ്ടിരിക്കുന്ന കുറുപ്പ് എന്ന സിനിമയ്ക്ക് ഉള്‍പ്പെടെ അമ്പത് ശതമാനത്തില്‍ കൂടുതല്‍ ആളുകളെ തിയറ്ററില്‍ പ്രവേശിപ്പിക്കുന്നുണ്ടെന്നു തിയറ്റര്‍ ഉടമകളുടെ സംഘടനയ്ക്ക് പരാതി ലഭിച്ചു.
അതേസമയം ഇത് ദിനം പ്രതിയുള്ള കളക്ഷന്‍ റിപ്പോര്‍ട്ടില്‍ കാണിക്കുന്നുമില്ല. ഫലത്തില്‍ തിയറ്റര്‍ ഉടമകള്‍ക്ക് കൂടുതല്‍ പണം വാരാനുള്ള ഉപാധിയായി അമ്പത് ശതമാനം വര്‍ധനവ് എന്നത് മാറിയിരിക്കുകയാണെന്നാണ് ആക്ഷേപം. ഇതേതുടര്‍ന്ന് തിയറ്ററുകളില്‍ സിസിടിവി ഫൂട്ടേജുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഓരോ ഷോ കഴിയുമ്പോഴും കളക്ഷന്‍ ഡീറ്റയില്‍സ് അയച്ചുകൊടുക്കണമെന്ന ആവശ്യവും വിതരണക്കാരും നിര്‍മാതാക്കളും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര് സിനിമ കാണുകയും അമ്പത് ശതമാനം ആളുകളുടെ മാത്രം കളക്ഷന്‍ ഷെയര്‍ നിര്‍മാതാവിനു ലഭിക്കുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്.
ഇതിനെ തുടര്‍ന്നാണ് അമ്പതു ശതമാനം പ്രവേശനം എന്നത് മാറ്റി ചിന്തിക്കണമെന്ന ആവശ്യം ഉയരുന്നത്. ഇല്ലെങ്കില്‍ നിര്‍മാതാക്കള്‍ക്ക് കനത്ത നഷ്ടമുണ്ടാകുമെന്നും ഇവര്‍ പറയുന്നു. നിലവില്‍ മരക്കാര്‍ ഉള്‍പ്പെടെയുള്ള ബിഗ് ബജറ്റ് ചിത്രങ്ങളും സുരേഷ് ഗോപി ചിത്രം കാവലും തിയറ്ററില്‍ എത്താനിരിക്കുകയാണ്.