കാഞ്ഞങ്ങാട്: പരസ്പരം പാര പണിത് മലയാള സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന കാര്യത്തിൽ തിയറ്റർ ഉടമകളും പിന്നിലല്ലെന്ന് തെളിയിച്ച് വടക്കുനിന്നൊരു സംഭവം. കാഞ്ഞങ്ങാട് നഗരത്തിലെ തിയറ്ററിൽ ഒരു ഷോയ്ക്കുള്ള മുഴുവൻ ടിക്കറ്റുകളും മുൻകൂട്ടി ഓൺലൈനായി ബുക്കുചെയ്യുകയും അവസാനനിമിഷം എല്ലാം റദ്ദാക്കുകയും ചെയ്ത് തിയറ്റർ കാലിയാക്കി രണ്ടുതവണ സിനിമാ പ്രദർശനം മുടക്കിയതിന് സമീപത്തെ മൾട്ടിപ്ലക്സ് ഉടമയ്ക്കെതിരേ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് ദീപ്തി സിനിമാസ് ഉടമ രാജ്കുമാർ നല്കിയ പരാതിയിൽ കാഞ്ഞങ്ങാട്ടെ തന്നെ വിജിഎം മൾട്ടിപ്ലക്സ് ഉടമ പി.കെ. ഹരീഷിനെതിരെയാണ് കേസെടുത്തത്. പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ദീപ്തി സിനിമാസിലെ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുകയും റദ്ദാക്കുകയും ചെയ്തത് ഹരീഷിന്റെ നിയന്ത്രണത്തിലാണെന്ന് കണ്ടെത്തിയത്.
ആഴ്ചകൾക്കു മുമ്പായിരുന്നു സംഭവം. രേഖാചിത്രം എന്ന സിനിമയാണ് രണ്ട് തിയറ്ററുകളിലും പ്രദർശിപ്പിച്ചിരുന്നത്. എന്നാൽ, ദീപ്തി സിനിമാസിൽ ഷോ തുടങ്ങുന്നതിന് ഏറെനേരം മുമ്പുതന്നെ എല്ലാ ടിക്കറ്റുകളും ഓൺലൈനായി ബുക്ക് ചെയ്തതായി കാണിക്കുകയായിരുന്നു. ഇതോടെ നേരിട്ട് കൗണ്ടറിൽ വന്നവർക്കു പോലും ടിക്കറ്റുകൾ നല്കാൻ സാധിച്ചില്ല.
എന്നാൽ, ഷോ തുടങ്ങാനുള്ള സമയമായിട്ടും ഓൺലൈനായി ബുക്ക് ചെയ്തവർ ആരും തിയറ്ററിൽ എത്തിയതുമില്ല. ഒടുവിൽ ഷോ തുടങ്ങാനുള്ള സമയത്തിന് തൊട്ടുമുമ്പ് എല്ലാ ടിക്കറ്റുകളും ഒറ്റയടിക്ക് ക്യാൻസൽ ചെയ്യുകയായിരുന്നു.ബുക്ക് മൈ ഷോ എന്ന ആപ്പിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്താൽ പണമടയ്ക്കുന്നതിന് ഒൻപത് മിനിറ്റ് സാവകാശം ലഭിക്കും.
ഒരുമിച്ച് സീറ്റുകൾ ബുക്ക് ചെയ്തവരെല്ലാം പണമടയ്ക്കാതെ ഒൻപതാമത്തെ മിനിറ്റിൽ ബുക്കിംഗ് ക്യാൻസൽ ചെയ്യുകയായിരുന്നു. തൊട്ടുപിന്നാലെ വീണ്ടും ബുക്ക് ചെയ്യുകയും ഒൻപതാമത്തെ മിനിറ്റിൽ വീണ്ടും റദ്ദാക്കുകയും ചെയ്യും. ഈ രീതിയിൽ പണമൊന്നും അടയ്ക്കാതെതന്നെ ഓൺലൈൻ സംവിധാനത്തിൽ എല്ലാ സമയവും ദീപ്തി സിനിമാസിലെ എല്ലാ സീറ്റുകളും നിറഞ്ഞതായി കാണിച്ചാണ് മറ്റാർക്കും ഓൺലൈനായോ നേരിട്ട് കൗണ്ടറിലെത്തിയോ ടിക്കറ്റെടുക്കാൻ കഴിയാതാക്കിയത്.
രണ്ടുതവണ ഇത്തരത്തിൽ ഷോ മുടങ്ങിയതോടെയാണ് ഇതിനു പിന്നിൽ ആരാണെന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് രാജ്കുമാർ പോലീസിൽ പരാതി നല്കിയത്. കാഞ്ഞങ്ങാട്ടെ തന്നെ മൾട്ടിപ്ലക്സ് ഉടമയാണ് ഇതിനു പിന്നിലെന്ന് കണ്ടെത്തിയതോടെ പരാതിക്കാരൻ പോലും ഞെട്ടിപ്പോയി. രണ്ട് ഷോ മുടങ്ങിയതിലൂടെ അരലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ദീപ്തി സിനിമാസിന് സംഭവിച്ചത്.