സ്വന്തംലേഖകന്‍
കോഴിക്കോട്: ബംഗളൂരു മയക്കുമരുന്നു കേസിനു പിന്നാലെ മലയാള സിനിമയിലെയും ലഹരി ഉപയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തേക്ക്. നാർക്കോട്ടിക് സംഘം മലയാള സിനിമയിലെയും ലഹരി ബന്ധങ്ങൾ അന്വേഷണവിധേയമാക്കുമെന്ന സൂചന നൽകിയതോടെ പലരും സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കാനുള്ള തത്രപ്പാടിലാണ്.
കന്നട, ബോളിവുഡ് സിനിമാ താരങ്ങൾക്ക് ലഹരി ഇടപാടിൽ വാട്ട്സ് ആപ്പ് മെസേജുകളും ഫോൺസന്ദേശങ്ങളും വിനയായതിനാൽ ഇത്തരം ഇടപാടുകളിൽനിന്നു തലയൂരാനാണ് ഇപ്പോൾ പലരും ശ്രമിച്ചുതുടങ്ങിയിരിക്കുന്നത്.
വിദേശ നിര്‍മിത മയക്കുമരുന്നുകളേക്കാള്‍ മലയാള സിനിമയെ ലഹരി പിടിപ്പിക്കുന്നതു കഞ്ചാവാണെന്നാണ് ലഭിക്കുന്ന വിവരം. സംസ്ഥാന പോലീസിനും എക്സൈസിനും മറ്റു കേന്ദ്രഏജന്‍സികള്‍ക്കും വരെ സിനിമാ സെറ്റുകളില്‍ നുരഞ്ഞുയരുന്ന ലഹരിക്കഥകള്‍ അറിയാമെങ്കിലും നടപടി സ്വീകരിക്കാറില്ല.
അന്വേഷണമെല്ലാം സെറ്റിനു പുറത്തുവരെ മാത്രമേ എത്തുകയുള്ളൂ. മലയാള സിനിമയിലെ യുവതാരങ്ങളിൽ പലരും കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്നാണ് വിവിധ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഷൂട്ടിംഗ് ഷെഡ്യൂള്‍ തയാറായാല്‍ ലൊക്കേഷനില്‍ ‘മരുന്ന്’ എത്തിക്കാനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് പറയുന്നത്.
ഏതു സ്ഥലത്താണോ ഷൂട്ടിംഗ് നടക്കുന്നത് ആ സ്ഥലത്തു ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പേ തന്നെ ലഹരി മാഫിയയുടെ ഏജന്റുമാര്‍ എത്തും. ആവശ്യാനുസരണം കഞ്ചാവ് എത്തിച്ചു നല്‍കാനുള്ള എല്ലാ സൗകര്യങ്ങളും ഇവര്‍ ഏര്‍പ്പെടുത്തും.
ഇതിനായി മുഴുവന്‍ സമയവും സെറ്റില്‍ തന്നെ ഉണ്ടാവും. ചില അണിയറ പ്രവര്‍ത്തകരും ലഹരി ആസ്വാദിക്കാന്‍ തയാറാവുന്നതോടെ സെറ്റ് ഉത്സവപറമ്പായി മാറും. സെറ്റിനുള്ളില്‍ പരിശോധനകള്‍ പലപ്പോഴും നടക്കാറില്ല.
പരാതികള്‍ ഉയരാനുള്ള സാധ്യതയും വിരളമാണ്. അതേസമയം, ഏതെങ്കിലും വിധത്തില്‍ പരാതികള്‍ ഉയര്‍ന്നാല്‍ സെറ്റിനുള്ളില്‍ മിന്നല്‍ പരിശോധനക്ക് ആരും തയാറാവില്ല.
പരിശോധന നടക്കുന്ന വിവരം മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഇഷ്ട താരങ്ങള്‍ അറിയുന്നതോടെ ലഹരിവിമുക്ത സെറ്റാക്കി മാറ്റാനും പ്രത്യേക ടീം സജ്ജരായുണ്ടാവും.
പല സെറ്റുകളിലും ന്യൂജെന്‍ മയക്കുമരുന്നുകളുടെ ഉപയോഗം നാമമാത്രമായി മാത്രമാണ് നടക്കുന്നത്. പായ്ക്കപ്പ് പാര്‍ട്ടികളിലും അപൂര്‍വമായി മാത്രമാണ് വിലകൂടിയ വിദേശത്ത് നിന്നുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതെന്നാണ് വിവരം.