കണ്ണൂർ: സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചതായി പരാതി. ‘ഓർമയിൽ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ആരോപണം.
പേരാവൂരിൽ താമസിക്കുന്ന മനോജ് താഴെപുഴയിൽ, ഉരുവച്ചാലിലെ ചോതി രാജേഷ്, കോളയാട്ടെ മോദി രാജേഷ് എന്നിവർക്കെതിരേയാണ് പരാതി.
പേരാവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീഷ്മ കലാസാംസ്കാരിക വേദി എന്ന സംഘടനയുടെ ഭാരവാഹികളാണെന്നാണു പറഞ്ഞും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞ് തങ്ങളിൽനിന്ന് പണം വാങ്ങി വഞ്ചിക്കുകയായിരുന്നുവെന്ന് പരാതിക്കാർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
സിനിമാരംഗത്ത് പല പ്രമുഖരുമായും ബന്ധമുണ്ടെന്നും അവാർഡുകൾ ലഭിച്ചിട്ടുണ്ടെന്നും പറഞ്ഞ ഇവർ ഫോട്ടോകളും പത്രവാർത്തകളും കാണിച്ച് വിശ്വസിപ്പിക്കുകയായിരുന്നു.
ആദ്യം വടകരയിലും പിന്നീട് പേരാവൂർ, പെരളശേരി, ഇരിട്ടി, വേങ്ങാട് തുടങ്ങിയ സ്ഥലങ്ങളിലും ഷൂട്ടിംഗ് നടത്തിയിരുന്നു. നടൻ ബോബൻ ആലുംമൂടൻ ഉൾപ്പെടെയുള്ള പല സീരിയൽ ആർട്ടിസ്റ്റുകളെയും കൊണ്ടുവന്നിരുന്നു.
ബോബൻ ആലുംമൂടന്റെ മകളായി അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ഒമ്പതോളം പെൺകുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് ഇവർ പണം കൈപ്പറ്റിയിട്ടുണ്ട്.
പക്ഷേ സിനിമയ്ക്ക് കൃത്യമായ കഥയോ തിരക്കഥയോ മേക്കപ്പോ ഗാനങ്ങളോ ഒന്നുംതന്നെയില്ലെന്നു മനസിലാക്കി അതു ചോദ്യംചെയ്തപ്പോൾ എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് മാറ്റിനിർത്തുകയായിരുന്നു.
അഭിനയിപ്പിക്കുന്നതിനായി പലരിൽനിന്നായി 25,000 മുതല്‍ തുക കൈപ്പറ്റിയിട്ടുണ്ട്. വഞ്ചിക്കപ്പെടുകയാണെന്ന് മനസിലായപ്പോൾ പണം തിരിച്ചുചോദിച്ചുവെങ്കിലും ഒഴിവുകഴിവ് പറയുകയും ഇനിയും പണം തന്നാൽ മാത്രമേ പടം റിലീസാക്കാൻ കഴിയുകയുള്ളൂവെന്നുമാണ് പറയുന്നത്.
പരാതി കൊടുത്താൽ പ്രശ്നങ്ങളുണ്ടാക്കുമെന്നു പറഞ്ഞ് കുട്ടികളെയുൾപ്പെടെ ഇവർ ഫോൺ വിളിച്ച് ഭീഷണി മുഴക്കുന്നതായും രക്ഷിതാക്കൾ പറഞ്ഞു.
സംഭവത്തിൽ കൂത്തുപറമ്പ് ഡിവൈഎസ് പിക്ക് പരാതി നൽകിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ രജനി എം.വേങ്ങാട്. ഇ.വിനയകുമാർ, ശ്രീഷ്മ എന്നിവർ പങ്കെടുത്തു.