ഇന്ത്യയിലെ ഏറ്റവും ആകർഷണമുളള സ്ത്രീകളുടെ പട്ടിക ടൈംസ് ഓഫ് ഇന്ത്യപുറത്ത് വിട്ടു. ബോളിവുഡ് താരം ആലിയ ഭട്ടാണ് ഇന്ത്യയിലെ ഏറ്റവും ആകർഷണമുളള സ്ത്രീകളുടെ 50 പോരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. മീനാക്ഷി ചൗധരിയും കത്രീന കൈഫും ആണ് രണ്ടും മൂന്നും സ്ഥാനത്ത്.
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾ ഇക്കുറി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ടെ ന്നതാണ് ശ്രദ്ധേയം. സുന്ദരിമാർ ഇടം പിടിച്ച പട്ടികയിൽ മലയാളികൾക്കും സന്തോഷിക്കാൻ വകയുണ്ട്. മാളവിക മോഹൻ, ഐശ്വര്യ രാജേഷ്, ഐശ്വര്യ ലക്ഷ്മി എന്നിവരാണവർ.
39-ാം സ്ഥാനമാണ് മാളവിക സ്വന്തമാക്കിയത്. ഓണ്ലൈൻ വോട്ടിംഗിലൂടെയായിരുന്നു വിജയികളെ തെരഞ്ഞെടുത്തത്. 2013 ൽ ദുൽഖറിന്റെ നായികയായിട്ടാണ് മാളവിക വെളളിത്തിരയിൽ എത്തിയത്. പട്ടം പോലെയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. പിന്നീട് മലയാളം, തമിഴ് ,തെലുങ്ക്, കന്നട എന്നീ ഭാഷാ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടതെങ്കിലും ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
45-ാം സ്ഥാനത്താണ് ഐശ്വര്യരാജേഷ്. 2016 പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയെ മലയാളി പ്രേക്ഷകർക്കിടയിൽ സുപരിചിതയാക്കിയത്. പിന്നീട് നിവിൻ പോളി ചിത്രമായ സഖാവിലും ഐശ്വര്യ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
ടൈംസ് പട്ടികയിൽ 48-ാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷമി ഇടം പിടിച്ചിരിക്കുന്നത്. മലയാളത്തിൽ വളരെ ചുരുക്കം സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് ആബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രം ഐശ്വര്യയുടെ കരിയറിൽ തന്നെ വലിയ ബ്രേക്ക് സമ്മാനിക്കുകയായിരുന്നു.
ഈ ചിത്രത്തിന് പിന്നാലെ മികച്ച കഥാപാത്രങ്ങളായിരുന്നു നടിയെ തേടി എത്തിയത്. ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള മുതൽ അടുത്തിടെ പുറത്തിറങ്ങിയ അർജന്റീന ഫാൻസ് കാട്ടൂർ കടവ് എന്ന ചിത്രം വരെ തിയറ്ററിൽ മികച്ച വിജയം നേടാൻ കഴിഞ്ഞിരുന്നു.