എരുമേലി: കോവിഡ് സ്ഥിരീകരിച്ച 74 കാരിയായ വായോധികയ്ക്കു ശ്വാസതടസം ഗുരുതരമായതിനെ തുടർന്ന് അർധരാത്രിയിൽ ചികിത്സ തേടി ബന്ധുക്കൾ വലഞ്ഞതു മണിക്കൂറുകൾ.
ഓക്സിജൻ സൗകര്യമുള്ള ആംബുലൻസിൽ രോഗിയെ എരുമേലിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ല.
ഒടുവിൽ ജനപ്രതിനിധികളുടെ സമ്മർദത്തിൽ മുണ്ടക്കയത്തെ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം അർധ രാത്രിയിലാണ് സംഭവം.
എരുമേലി സ്വദേശിയായ വയോധികയ്ക്കു സ്ഥിതി ഗുരുതകരമായതോടെ എരുമേലിയിലെ കോവിഡ് പരിചരണ കേന്ദ്രത്തിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിട്ടും ചികിത്സ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
വീണ്ടും എരുമേലിയിലെ കോവിഡ് പരിചരണ കേന്ദ്രത്തിലേക്കു നിർദേശിച്ച് കോട്ടയം മെഡിക്കൽ കോളജിൽനിന്നു മടക്കി അയച്ചെങ്കിലും ഗുരുതരമല്ലാത്ത രോഗികളെ പരിചരിക്കാൻ മാത്രമാണ് സൗകര്യമുള്ളതെന്ന് അധികൃതർ അറിയിക്കുകയായിരുന്നു.
തുടർന്ന് സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടതോടെയാണ് അധികമായി ഒരു ബെഡ്കൂടി സജ്ജീകരിച്ച് മുണ്ടക്കയത്തെ സെന്ററിൽ പ്രവേശിപ്പിക്കാൻ സാധിച്ചത്.