കൊച്ചി: കൊറോണയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറില്‍ പരാമര്‍ശിക്കാത്ത വാചകങ്ങള്‍ ഉൾപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് മേയര്‍ സൗമിനി ജെയിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആരാധനാലയങ്ങളില്‍ ഒത്തുകൂടിയാല്‍ മതാധ്യക്ഷന്മാര്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കോര്പറേഷന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനായ ഹെല്‍ത്ത് ഓഫീസര്‍ മതസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയെന്നാണ് ആക്ഷേപം.
മേയറും കോർപറേഷൻ സെക്രട്ടറിയും അറിയാതെയാണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തദ്ദേശ സ്ഥാപനങ്ങള്‍ പാലിക്കേണ്ടതും നടപ്പാക്കേണ്ടതുമായി തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സര്‍ക്കുലറില്‍ പരാമര്‍ശിക്കാത്ത വാചകങ്ങള്‍ ഹെല്‍ത്ത് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തുവെന്നാണ് മേയറുടെ പരാതി.
ഇത് വിവാദമായതിനെ തുടര്‍ന്ന് നോട്ടീസ് റദ്ദു ചെയ്യുന്നതായി അറിയിച്ചുകൊണ്ട് ഇന്നലെ വീണ്ടും ഹെല്‍ത്ത് ഓഫീസര്‍ സര്‍ക്കുലര്‍ ഇറക്കി.