മാള: ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ കടയിൽ കയറി വാടിവാൾ വീശി ആക്രമിച്ച കേസിലെ മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി. ഒന്നാം പ്രതിയായ ആളൂർ പൊൻമിനിശേരി ജിന്റോ (34) യാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ മാള പോലീസിന്റെ കസ്റ്റഡിയിൽ നൽകി.
ഗുരുതിപ്പാലയിൽ പലചരക്ക് കട നടത്തുന്ന കീഴിടത്തുപറന്പിൽ ജോണ്‍സനാണ് മർദനമേറ്റത്. കഴിഞ്ഞ ഏപ്രിൽ 23 നായിരുന്നു സംഭവം. ഉച്ചക്ക് ഒന്നിനു ജോണ്‍സനെ അഞ്ചുപേർ വാടിവാളുമായെത്തി കടയ്ക്കകത്ത് കയറി ആക്രമിക്കുകയായിരുന്നു.
ജോണ്‍സനും ഭാര്യ രേഖയും തമ്മിൽ വഴക്കിട്ട് അകന്ന് കഴിയുകയായിരുന്നെന്നും ഭർത്താവിനെ ആക്രമിക്കാൻ രേഖ സുഹൃത്തായ ജിന്റോയെ ഏൽപ്പിച്ചതുപ്രകാരം മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തി കടയിൽ കയറി ആക്രമിക്കുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
മറ്റു പ്രതികളെ നാട്ടുകാരും മാള പോലീസും ചേർന്ന് സംഭവദിവസം തന്നെ പിടികൂടി. ഇവർ ജയിലിലാണ്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണ്‍ വിളികളുടെ വിവരങ്ങളും പരിശോധിച്ചതിനെ തുടർന്നാണ് ജോണ്‍സന്റെ ഭാര്യ രേഖയാണു പിന്നിലെന്നു വ്യക്തമായത്. സംഭവശേഷം ജിന്റോയും രേഖയും ഒളിവിൽ പോയി.
ജിന്റോ ജില്ലാ സെഷൻസ് കോടതിയൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും തള്ളി. തുടർന്ന് ചാലക്കുടി മജിസ്ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു. രേഖ ഇപ്പോഴും ഒളിവിലാണ്.