കെയ്റോ: ഫ്രഞ്ച് കാർ നിർമാതാക്കളായ സിട്രോൺ ഈജിപ്ഷ്യൻ സ്റ്റാർ ഗായകൻ അമർ ദിയാബ് അവതരിപ്പിച്ച പരസ്യം പിൻവലിച്ചു.
സ്ത്രീ പീഡനത്തെ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ പരസ്യമെന്ന് രൂക്ഷ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പരസ്യം കമ്പനി പിൻവലിച്ചത്.
ഡിസംബർ ആദ്യമാണ് പുതിയ പരസ്യം കമ്പനി പുറത്തിറങ്ങിയത്. 60 കാരനായ അമർ ദിയാബ് കാറിന്റെ റിയർവ്യൂ മിററിൽ ഘടിപ്പിച്ച കാമറ ഉപയോഗിച്ച് വാഹനത്തിന് മുന്നിൽ കടന്നു പോകുന്ന സ്ത്രീയുടെ ചിത്രം രഹസ്യമായി പകർത്തുന്നു.
ആദ്യം സ്ത്രീ വ്യക്തമായ ഉത്തരം നൽകുന്നില്ല. തുടർന്ന് ആ സ്ത്രീയെ അമർ ദിയാബ് കാറിൽ കയറാൻ ക്ഷണിക്കുന്നതാണ് പരസ്യം.
അറബ് ബാരോമീറ്റർ ഗവേഷണ ശൃംഖലയുടെ സർവേ പ്രകാരം 2019ൽ ഈജിപ്റ്റിൽ 18നും 39നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ ഭൂരിഭാഗവും പീഡനത്തിന് ഇരയായതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു രാജ്യത്താണ് ഈ പരസ്യം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പരസ്യത്തിനെതിരേ വനിതാ സംഘടനകളും രംഗത്തെത്തിയിരുന്നു.
ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ ചിത്രമെടുക്കുന്നത് ഭയാനകമാണ്. നിങ്ങൾ ലൈംഗിക പീഡനം സാധ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഈജിപ്റ്റിലെ വനിതാ അവകാശ പ്രവർത്തക റീൽ അബ്ദുൾ ലത്തീഫ് ട്വിറ്ററിൽ കുറിച്ചു.
ഇത്തരമൊരു പരസ്യം പുറത്തിറക്കിയതിൽ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി വ്യാഴാഴ്ച സിട്രോൺ കമ്പനി അറിയിച്ചു.
അതേസമയം, പരസ്യത്തിൽ അഭിനയിച്ചതിനും ഇതുവരെ ക്ഷമാപണം നടത്താത്തിനും അറബ് ലോകത്തെ മെഗാ സ്റ്റാറായ ദയബിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം തുടരുകയാണ്.