പാലക്കാട്: പതിറ്റാണ്ടുകളുടെ അധ്വാനത്തിനും കാത്തിരിപ്പിനും അവസാനമായി. പ്രേമലത ഇനി മുതൽ ഇന്ത്യക്കാരി. സുൽത്താൻപേട്ട സ്വദേശിനിയായ ആർ. പ്രേമലത 1962 ൽ മലേഷ്യയിലാണ് ജനിച്ചത്. വിദ്യാഭ്യാസത്തിനായി 1970 ൽ രക്ഷിതാക്കളുടെ ജന്മനാടായ പാലക്കാടെത്തി.
മലേഷ്യയിൽ ജനിച്ചതിനാൽ വിസയോടുകൂടിയാണ് ഇന്ത്യയിലെത്തിയത്. തുടർന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി പാലക്കാട് സ്വദേശിയായ രാജ്കുമാറിനെ വിവാഹം ചെയ്തു.
1991 ൽ ഇന്ത്യൻ പൗരത്വത്തിനായി ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചു. ഇന്ത്യയുമായുളള ബന്ധം തെളിയിക്കുന്നതിനുളള രേഖകൾ ഇല്ലാത്തതിനാൽ ഇന്ത്യൻ പൗരത്വത്തിനായുളള ശ്രമങ്ങൾ നീണ്ടുപോയി. രണ്ടുവർഷം മുന്പ് മലേഷ്യൻ പൗരത്വം പ്രേമലത റദ്ദ് ചെയ്തു.
പതിറ്റാണ്ടുകളുടെ ശ്രമഫലമായി ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ പ്രേമലതയ്ക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ജില്ലാ കളക്ടർ ഡോ. പി. സുരേഷ് ബാബുവും ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാറും ചേർന്ന് പ്രേമലതയ്ക്ക് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് കൈമാറി.