കണ്ണൂർ: ഭൂരിപക്ഷം ലഭിച്ചു എന്നതിന്റെ പേരിൽ നടപ്പാക്കുന്ന ഏകാധിപത്യം ജനാധിപത്യത്തിന് എതിരാണെന്ന് പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സർഗാത്മകതയുടെ സ്വാതന്ത്ര്യമെന്ന വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പര കണ്ണൂർ ശിക്ഷക് സദനിൽ ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ വോട്ട് ലഭിച്ചതുകൊണ്ടോ കൂടുതലാളുകളെ ജയിപ്പിച്ചതുകൊണ്ടോ ഏകാധിപത്യം നടപ്പാക്കാനാകില്ല. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവർ തന്നെയാണ് മറ്റുള്ളവരുമെന്ന ബോധമുണ്ടാകണം. വലിയ പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഇതിനെതിരേ ഒറ്റക്കെട്ടായ പ്രതിരോധം ഉയർന്നുവരണം. പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തിലെ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കാൻ തയാറായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിലും മറ്റു ചിലയിടങ്ങളിലും ദൗർഭാഗ്യകരമായ സംഭവങ്ങളാണു നടന്നുകൊണ്ടിരിക്കുന്നത്. ഉത്തരവാദപ്പെട്ടവർ പുനർവിചിന്തനം നടത്താൻ തയാറാകണം. ഭരണത്തെ വിമർശിക്കാനും തെറ്റ് ചൂണ്ടിക്കാട്ടാനും ഏതു പൗരനും അവകാശമുണ്ട്.
എന്നാൽ, ഗാന്ധിജിയെ നിന്ദിച്ചവരെ തുറുങ്കിലടയ്ക്കാൻ തയാറാകാതിരിക്കുകയും രാജ്യത്തെ ആൾക്കൂട്ടക്കൊലയ്ക്കെതിരേ കത്തെഴുതിയവരെ രാജ്യദ്രോഹികളാക്കുകയും ചെയ്യുന്ന സമീപനമാണ് രാജ്യത്തു നിലവിലുള്ളത്. ഇവരിൽനിന്ന് എന്തു നന്മയാണ് രാജ്യത്തിന് പ്രതീക്ഷിക്കാനാകുകയെന്നും അടൂർ ചോദിച്ചു.