അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമം വഴിയൊരുക്കുന്നു. 2014 ഡിസംബർ 31നു മുന്പ് ഇന്ത്യയിൽ താമസമാക്കിയവർക്കാണ് പൗരത്വം ലഭിക്കുക.
എന്നാൽ മുസ്ലിംകളെ മാത്രം ഇതിൽനിന്ന് ഒഴിവാക്കി. ഇതിനെയാണു രാജ്യത്താകെ പ്രതിപക്ഷവും മുസ്ലിം സംഘടനകളും എതിർക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 14ലെ വ്യവസ്ഥകൾക്കു വിരുദ്ധമായി മതപരമായ വിവേചനം ഉണ്ടാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നതാണു പരാതി.
അനധികൃത കുടിയേറ്റക്കാരെ നിർവചിക്കുന്ന 1955ലെ പൗരത്വ നിയമത്തിലെ രണ്ടാം വകുപ്പാണു പുതിയ പൗരത്വ നിയമത്തിൽ ഭേദഗതി ചെയ്തത്. പൗരത്വ നിയമത്തിന്റെ സെക്ഷനിലേക്ക് 2 (1) (ബി) ഒരു പുതിയ വ്യവസ്ഥ ചേർത്തതാണു ഭേദഗതി. ഇതനുസരിച്ച്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല.
കൂടാതെ, 1920ലെ പാസ്പോർട്ട് (ഇന്ത്യയിലേക്കുള്ള പ്രവേശനം) നിയമപ്രകാരം കേന്ദ്രസർക്കാർ ഒഴിവാക്കിയിട്ടുള്ളവരെയും 1946ലെ വിദേശി നിയമപ്രകാരം അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല. പാക്കിസ്ഥാൻ, ബംഗ്ലാദേശ് അടക്കമുള്ള അയൽരാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ കുടിയേറി വർഷങ്ങളായി താമസിക്കുന്ന മുസ്ലിംകൾ അനധികൃത കുടിയേറ്റക്കാരായി തുടരുമെന്നതാണു സ്ഥിതി.
ജനനം, വംശം, രജിസ്ട്രേഷൻ, നീണ്ടകാലത്തെ താമസം, പ്രദേശങ്ങളുടെ സംയോജനം തുടങ്ങി അഞ്ചു രീതിയിൽ ഇന്ത്യയിൽ പൗരത്വം നേടാമെന്നാണ് 1955-ലെ പൗരത്വ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇന്ത്യയിൽ പൗരത്വം നേടുന്നതിനുള്ള ആറാമത്തെ മാർഗമായാണു പുതിയ നിയമം മതത്തെ അവതരിപ്പിക്കുന്നത്.
മുസ്ലിംകളെ രണ്ടാംതരം പൗരന്മാരാക്കുന്നതാണു നിയമഭേദഗതിയെന്നും, ദേശീയ പൗരത്വ രജിസ്റ്ററിൽ ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തുന്പോൾ ആർക്കു വേണമെങ്കിലും എതിർക്കാമെന്ന നിലയുണ്ടെന്നും മുസ്ലിം നേതാക്കൾ പറയുന്നു. അനേക വർഷങ്ങളായി രാജ്യത്തു താമസിക്കുന്ന മുസ്ലിംകൾക്കു ഭയാശങ്ക ഉയർത്തുന്നതാണിതെന്നാണ് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ ആരോപണം.