കോട്ടയം: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധത്തിന്റെ അലമാല തീർത്ത് അക്ഷരനഗരിയിൽ സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണറാലി ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ജില്ലയിലെ അഞ്ഞൂറോളം വരുന്ന മഹല്ലുകളിലെ അംഗങ്ങളും ഭാരവാഹികളും ഇമാമുകളും വിവിധ സംഘടനാ പ്രവർത്തകരുമടക്കം ലക്ഷത്തിലധികം പേർ റാലിയിൽ പങ്കാളികളായി.
ഇന്ത്യ എല്ലാവരുടേതുമാണ്, സിഎഎ, എൻആർസി, എൻപിആർ പിൻവലിക്കുക, ആസാദി തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി നാഗന്പടം മൈതാനിയിൽനിന്ന് ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ച റാലി റോഡ് തിങ്ങിനിറഞ്ഞ് ഒഴുകി. ലോഗോസ് ജംഗ്ഷൻ വഴി കളക്്ടറേറ്റ് ചുറ്റി കെ കെ റോഡ് വഴി അക്ഷരനഗരിയെ വലംവച്ച് തിരുനക്കര മൈതാനിയിൽ റാലി സമാപിച്ചു.
തുടർന്ന് പൊതുസമ്മേളനം ജസ്റ്റീസ് കെമാൽ പാഷ ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ജനങ്ങൾക്ക് ആശങ്കയില്ലാതെ ജീവിക്കാൻ കഴിയുന്ന സ്ഥിതി ഭരണവർഗം സൃഷ്ടിക്കുകയാണ് വേണ്ടത്. രാജ്യം വിഭജിക്കാനും ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്നും കെമാൽ പാഷ കുറ്റപ്പെടുത്തി. പൗരാവകാശ സംരക്ഷണ സമിതി ചെയർമാൻ ഇ.എ. അബ്ദൂൽ നാസർ മൗലവി അധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം മൗലവി പ്രാർഥന നടത്തി. കണ്വീനർ സി. എച്ച്. നിസാർ മൗലവി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
രക്ഷാധികാരി മുഹമ്മദ് നദീർ മൗലവി, ആന്റോ ആന്റണി എംപി, ജോസ് കെ. മാണി എംപി, തോമസ് ചാഴികാടൻ എംപി, ടി.എ. അഹമ്മദ് കബീർ എംഎൽഎ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, വി.പി. നാസറുദ്ദീൻ എളമരം, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, അസീസ് ബഡായിൽ, റഫീഖ് മണിമല, തുളസീധരൻ പള്ളിക്കൽ, വർക്കല രാജ്, കെ.കെ. സുരേഷ്, വി.എസ്. സാജൻ, സണ്ണി മാത്യു, മുഹമ്മദ് സാജൻ, പി.എച്ച്. ഷാജഹാൻ, മുഹമ്മദ് സക്കീർ, എ.എം.എ.സമദ്, എ.പി.ഷിഫാർ മൗലവി, പി.എച്ച്. ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.