താൻ പറയുന്നതാണ് പാർട്ടി നിലപാട്. തന്റെ നിലപാട് മാറ്റണമെങ്കിൽ പാർട്ടി യോഗം ചേർന്ന് തീരുമാനിക്കണം. രമേശ് ചെന്നിത്തലയുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നില്ലെന്നും കെപിസിസി അധ്യക്ഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആശയ വ്യക്തതയുള്ള നേതാക്കളെയാണ് നാടിന് ആവശ്യം. നിലപാടുകളിൽ താൻ ഒരിക്കലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനു മൃദു ഹിന്ദുത്വ സമീപനമെന്നും മുല്ലപ്പള്ളി ആരോപിച്ചു. ബിജെപിയെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമം. ഫാസിസ്റ്റ് വിരുദ്ധ സമരത്തിൽ സിപിഎമ്മിന് ആത്മാർഥയില്ല. കൂത്തുപറമ്പിൽ ജയിക്കാനായി കെ.ജി.മാരാരെ പിണറായി സഹായിച്ചിട്ടുണ്ട്. ഉദുമയിൽ കെ.ജി.മാരാരെ പിന്തുണയ്ക്കാൻ പിണറായി പ്രവർത്തകരെ അയച്ചെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിൽ ഭരണകൂട ഭീകരതയാണെന്നും മുല്ലപ്പള്ളി വിമർശിച്ചു. കോൺഗ്രസ് നേതാക്കളെ ജയിലിൽ അടച്ച നടപടി പ്രാകൃതമാണ്. യോഗി ആദിത്യനാഥും യെദിയൂരപ്പയുമായി പിണറായിക്ക് വ്യത്യാസമൊന്നുമിലെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി.