മുക്കം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചും ഉത്തരക്കടലാസിൽ പ്രതിഷേധ കവിതയെഴുതി വിദ്യാർഥികൾ. ചേന്നമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർഥികളാണ് ഇന്നലെ നടന്ന അർധ വാർഷിക പരീക്ഷയിൽ ഉത്തരക്കടലാസിൽ ഉത്തരത്തിനു പകരം കവിതയെഴുതി പ്രതിഷേധിച്ചത്.
രാജ്യത്തെ മതപരമായി വിഭജിച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ പൊരുതുമെന്നും മതിലുകൾക്കും പൗരത്വത്തിനും പകരം സാഹോദര്യമാണ് തങ്ങൾക്ക് വേണ്ടതെന്നും ഭരണകൂടം തുറക്കുന്ന തടവറകളെ ഭയമില്ലെന്നും കവിതയിൽ കുറിക്കുന്നു.
ദേശീയ പൗരത്വ രജിസ്റ്റർ, പൗരത്വ ഭേദഗതി നിയമം എന്നിവയ്ക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്യുന്ന കവിതകളിൽ ‘ഇക്വിലാബ് സിന്ദാബാദ്’ എന്ന മുദ്രാവാക്യം ഉടനീളം പ്രയോഗിച്ചിട്ടുണ്ട്. ചോദ്യ നമ്പറിട്ട് പ്രതിഷേധ കവിത മാത്രമാണ് ഉത്തര കടലാസിൽ വിദ്യാർഥികൾ എഴുതിയത്.