ന്യൂഡൽഹി: നാളെ തന്റെ കൂട്ടുകാർ ഇന്ത്യക്കാർ ആയിരിക്കുമോയെന്ന് അറിയില്ല. താനൊരു മുസ്ലിമല്ല, എന്നാൽ ഈ പ്രതിഷേധത്തിന്റെ മുൻ നിരയിൽ തന്നെയുണ്ടാവും- ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാർഥിനിയുടെ വാക്കുകളാണിത്. ഇത്തരത്തിൽ നൂറുകണക്കിന് വിദ്യാർഥികളാണ് ഡൽഹിയിൽ പ്രതിഷേധങ്ങളുടെ മുൻനിരയിലുള്ളത്. ജാമിയ മില്ലിയ സർവകലാശാലയിൽ ആരംഭിച്ച പ്രതിഷേധം രാജ്യത്തിലെ മറ്റ് സർവകലാശാലകളിലേക്കും കാമ്പസുകളിലേക്കും പടർന്നുപിടിക്കുകയാണ്.
ഞായറാഴ്ച രാത്രിയിൽ ഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാല കാമ്പസിൽ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. ലൈബ്രറിയിൽ പ്രവേശിച്ചുപോലും പോലീസ് വിദ്യാർഥികളെ തല്ലിയെന്ന് പറയുന്നു. വിദ്യാർഥികൾക്ക് ഏറ്റവും സുരക്ഷിത സ്ഥലമാണ് ഡൽഹിയെന്നാണ് കരുതിയിരുന്നത്. സർവകലാശാല സുരക്ഷിത സ്ഥലമാണ്, തങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്നും കരുതി. എന്നാൽ രാത്രി മുഴുവൻ കരയേണ്ടിവന്നു. എന്താണ് സംഭവിക്കുന്നത്- ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥിനി ചോദിച്ചു.
നിരവധി വിദ്യാർഥികൾ ഹോസ്റ്റൽ വിട്ടുപോയെന്ന് പെൺകുട്ടി പറഞ്ഞു. രാജ്യത്ത് സുരക്ഷിതത്വം തോന്നുന്നില്ല. നാളെ തന്റെ കൂട്ടുകാർ ഇന്ത്യക്കാരായിരിക്കുമോയെന്നുപോലും അറിയില്ല. താൻ മുസ്ലിമല്ല. എന്നാൽ പ്രതിഷേധത്തിന്റെ ഒന്നാം ദിവസം മുതൽ മുൻനിരയിലുണ്ട്. എന്തുകൊണ്ടാണ്? ശരിക്കൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസം എന്തിനാണെന്നും ഈ പെൺകുട്ടി ചോദിച്ചു.
ഞായറാഴ്ച വൈകുന്നേരം ദക്ഷിണ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ കല്ലെറിഞ്ഞ വിദ്യാർഥികൾക്കുനേരേ പോലീസ് ടിയർ ഗ്യാസ് പ്രയോ ഗിച്ചു. ലാത്തിച്ചാർജും നടത്തി. സർവകലാശാലയ്ക്കുള്ളിലേക്കു പോലീസ് വെടിവയ്ക്കുകയും ചെയ്തു. ബസുകളുൾപ്പെടെ നിരവധി വാഹനങ്ങൾ സംഘർഷത്തിൽ കത്തിച്ചു.
അതേസമയം, ബസുകൾ പോലീസ് തന്നെ കത്തിച്ചതാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സർവലാശാലയിൽ അതിക്രമിച്ചു കയറി വിദ്യാർഥികൾക്കെതിരേ പോലീസ് അതിക്രമം കാട്ടുകയായിരുന്നെന്ന് സർവകലാശാലാ അധികൃതരും ആരോപിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ വിദ്യാർഥികളും അധ്യാപകരും നാട്ടുകാരുമടക്കമുള്ളവർ വൈകുന്നേരം നാലോടെ ഗാന്ധി പീസ് മാർച്ച് എന്ന പേരിൽ പ്രതിഷേധമാർച്ച് നടത്തി. മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ഉ ടലെടുക്കുകയായിരുന്നു.
കല്ലെറിഞ്ഞെന്നു ചൂണ്ടിക്കാട്ടിയാണ് പോലീസ് ടിയർഗ്യാസ് പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തത്. പോലീസ് ലാത്തിച്ചാർജ് നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പിന്നാലെ സുഖ്ദേവ് വിഹാർ, ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലേക്കു കലാപം വ്യാപിച്ചു. പോലീസ് ഉദ്യോഗസ്ഥർ അ ടക്കം നിരവധി ആളുകൾക്കു പരിക്കേറ്റിട്ടുണ്ട്. അക്രമത്തിനിടെ മൂന്ന് ബസുകൾക്ക് തീയിട്ടു.
യാത്രക്കാർ ബസിലുള്ളപ്പോഴാണ് ബൈക്കിലെത്തിയ രണ്ടു പേർ തീയിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കന്നാസുകളിൽ മണ്ണെണ്ണയുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് മണ്ണെണ്ണയൊഴിച്ച് കത്തിച്ചതെന്ന ആരോ പണം പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രച രിക്കുന്നുണ്ട്. ഫയർ ഫോഴ്സിന്റെ ഒരു വാനിനു നേരേയും ആക്രമണമുണ്ടായി.