ഗോഹട്ടി: പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ചും ഇതിനെതിരേ നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചും പ്രതികരിക്കാനില്ലെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി. ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിനിടെയായിരുന്നു കോഹ്ലിയും പ്രതികരണം.
നിയമത്തെക്കുറിച്ച് വ്യക്തമായി മനസിലാക്കാതെ താൻ പ്രതികരിക്കുന്നത് ശരിയല്ല. അതിനാൽ ഇപ്പോൾ ഒന്നും പറയാനില്ലെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് നായകൻ പ്രതികരിച്ചു.
2016-ൽ എൻഡിഎ സർക്കാരിന്റെ നോട്ടു നിരോധനത്തെ പ്രശംസിച്ച് കോഹ്ലി രംഗത്തെത്തിയത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് എന്തെങ്കിലും മനസിലാക്കിയിട്ടാണോ കോഹ്ലിയും പ്രതികരണമെന്നായിരുന്നു വിമർശകരുടെ ചോദ്യം. പിന്നീട് കോഹ്ലി വിവാദ വിഷയങ്ങളിൽ നിന്നും അകന്നു നിൽക്കുകയായിരുന്നു.