തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയും രംഗത്ത്. ജാതിക്കും മതത്തിനും അതീതമായി ഉയരാൻ കഴിഞ്ഞാലേ നമുക്ക് ഒറ്റ രാഷ്ട്രമായി മാറാൻ കഴിയൂ എന്ന് മമ്മൂട്ടി പറഞ്ഞു. ഒരുമയുടെ ആത്മാവിനെ നശിപ്പിക്കുന്ന എന്തിനെയും നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ സൽമാനും വിഷയത്തിൽ നേരത്തെ പ്രതികരണം നടത്തിയിരുന്നു.
മതേതരത്വവും ജനാധിപത്യവും തുല്യതയും നമ്മുടെ ജന്മാവകാശമാണെന്നും അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കേണ്ടതുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു ദുൽഖറിന്റെ പ്രതികരണം. ‘മതേതരത്വം, ജനാധിപത്യം, തുല്യത എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നമുക്കു ചെറുക്കേണ്ടതുണ്ട്. എന്തൊക്കെയായാലും നമ്മുടെ പാരമ്പര്യം അഹിംസയാണ്. സമാധാനപരമായി പ്രതിഷേധം നടത്തുക, നല്ലൊരു ഇന്ത്യക്കു വേണ്ടി നിലകൊള്ളുക.’- അദ്ദേഹം കുറിച്ചു.
‘ഈ അതിര്‍ത്തിക്കുമപ്പുറം നമ്മളെ ഇന്ത്യന്‍ എന്നു വിളിക്കും’ എന്ന അടിക്കുറിപ്പോടെ ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രവും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയിൻ നിഗം തുടങ്ങിയവര്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.