കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി നടി പാർവതി തിരുവോത്ത്. മാധ്യമ പ്രവർത്തകയായ റാണ അയ്യൂബ് വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ് പാർവതി ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ജാമിയ, അലിഗഡ്… തീവ്രവാദം! എന്ന അടിക്കുറിപ്പോടെയാണു പാർവതി ട്വീറ്റ് ചെയ്തത്.
നേരത്തെ, പ്രതിഷേധിക്കുന്ന വിദ്യാർഥികൾക്കു പിന്തുണയുമായി തെന്നിന്ത്യൻ നടൻ സിദ്ധാർഥ്, നടി അമല പോൾ, ആഷിക് അബു തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. വിദ്യാർഥികൾക്കും സർവകലാശാലകൾക്കും നേരയെുള്ള പോലീസ് ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സിദ്ധാർഥ്, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ സിദ്ധാർഥ് പരിഹാസവും തൊടുത്തു.
ഇവർ രണ്ടു പേരും കൃഷ്ണനും അർജുനനുമല്ലെന്നും ദുര്യോധനനും ശകുനിയുമാണെന്നായിരുന്നു സിദ്ധാർഥിന്റെ പരാമർശം.നേരത്തെ, സുപ്രീം കോടതി മുൻ ജഡ്ജി മാർക്കണ്ഡേയ കട്ജുവും വിദ്യാർഥികൾക്കു പിന്തുണ അറിയിച്ച് രംഗത്തെത്തിയിരുന്നു. ഏറെനാളായി കാത്തിരുന്ന വിപ്ലവം വരികയാണെന്നും നമ്മുടെ സഹോദരിമാർ ഇതിനെ അതിജീവിക്കുമെന്നും കട്ജു പറഞ്ഞു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.