ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ വെള്ളിയാഴ്ച ഉത്തർപ്രദേശിൽ നടന്ന അക്രമങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. ഇതോടെ യുപിയിൽ 48 മണിക്കൂറിനിടെ 12 പേരാണ് പ്രക്ഷോഭങ്ങളിൽ മരിച്ചത്. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
അതേസമയം ആറ് പേർ മരിച്ചെന്നാണ് പോലീസ് നൽകുന്ന വിവരം. പോലീസ് പ്രതിഷേധക്കാർക്കുനേരെ വെടിയുതിർത്തിട്ടില്ലെന്നും ഡിജിപി ഒ.പി. സിംഗ് പറഞ്ഞു. മരണകാരണം അറിയണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ 20 ജില്ലകൾ സംഘർഷഭരിതമാണ്. പലയിടത്തും സമരക്കാരെ നേരിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഫിറോസാബാദ്, ഭദോഹി, ബഹ്റായിച്ച് , അംറോഹ, ഫറൂഖാബാദ്, ഗാസിയാബാദ്, വാരാണസി, മുസാഫർനഗർ, സഹരാൻപുർ, ഹപുർ, ഹത്രസ്, ബുലന്ദ്ഷഹർ, ഹമിർപുർ, മഹോബ ജില്ലകളിൽ വെള്ളിയാഴ്ച പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടി.
സംഘർഷസാധ്യത കണക്കിലെടുത്ത് അലിഗഡ്, മാവു, അസംഗഡ്, ലക്നോ, കാൻപുർ, ബെയ്റേലി, ഷാജഹാൻപുർ, ഗാസിയാബാദ്, ബുലന്ദേശ്വർ, സാംഭൽ, അലാഹബാദ് തുടങ്ങിയ സ്ഥലങ്ങളിൽ ഇന്റർനെറ്റ് വിലക്കിയിരിക്കുകയാണ്.