കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരേയും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നതിനെതിരായും സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ കളക്ടീവ് ഫേസ് വണ്ണിന്റെ നേതൃത്വത്തില്‍ ഇന്ന് ബഹുജന മാര്‍ച്ച് നടത്തും. എറണാകുളം രാജേന്ദ്ര മൈതാനത്തിനടുത്തുള്ള ഗാന്ധി സ്ക്വയറില്‍നിന്ന് ഫോര്‍ട്ട് കൊച്ചി വാസ്കോ സ്ക്വയറിലേക്കാണ് മാര്‍ച്ച് നടത്തുന്നത്.
ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുന്ന മാര്‍ച്ച് രാത്രി ഏഴിന് വാസ്കോ സ്ക്വയറില്‍ എത്തിച്ചേരും. എഴുത്തുകാരന് എന്‍.എസ്. മാധവന്, സംവിധായകരായ കമല്‍ വേണു, രാജീവ് രവി, ആഷിഖ് അബു, ബി. അജിത്കുമാര്‍, കെ.എം. കമല്‍, സാമൂഹ്യ, സാംസ്കാരിക, മത നേതാക്കളായ എന്‍.എം. പിയേഴ്സണ്‍, ഫാ.അഗസ്റ്റിന് വട്ടോളി എന്നിവര്‍ നേതൃത്വം നല്‍കും.
വാസ്കോ സ്വയറില്‍ നടക്കുന്ന സംഗീത സദസില്‍ ഷഹബാസ് അമന്, ഊരാളി, അന്‍വര്‍ അലി, കരിന്തലക്കൂട്ടം, ജോണ്‍ പി.വര്‍ക്കി, പഞ്ചമി തീയേറ്റേഴ്സ്, പി.കെ. സുനില്‍കുമാര്‍, രശ്മി സതീഷ് എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. തൃശൂര്‍ നാടക സംഘത്തിന്റെ ലഘുനാടകങ്ങള്‍, തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമ പൂര്‍വ വിദ്യാര്‍ഥികളുടെ പപ്പറ്റ് ഷോ എന്നിവയും ഉണ്ടായിരിക്കും.