തിരുവനന്തപുരം: രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാവർക്കും ജീവിക്കാനുള്ള ഇടമാണ് മതേതര ഇന്ത്യ. കേന്ദ്രസർക്കാർ രാജ്യത്തെ പ്രത്യേക മാർഗത്തിലേക്ക് കൊണ്ടുപോകുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പൗരത്വനിയമത്തിനെതിരേയുള്ള എൽഡിഎഫ്, യുഡിഎഫ് സംയുക്ത സത്യഗ്രഹ സമരം പാളയം രക്തസാക്ഷിമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷതയെ തകർക്കുന്ന ബില്ലാണ് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയത്. മതനിരപേക്ഷത സംരക്ഷിക്കുന്ന നിലപാടാണ് കേരളത്തിനുള്ളത്. കേന്ദ്രസർക്കാരിനെതിരേയുള്ള ഈ സമരത്തിൽ കേരളത്തിന്റേത് ഒറ്റ സ്വരമാണ്. ഭരണഘടനയെ അട്ടിമറിക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലിം മത പണ്ഡിതൻമാർ, അടൂർ ഗോപാലകൃഷ്ണൻ, സാഹിത്യകാരൻ പത്മനാഭൻ, മന്ത്രിമാരായ ഇ.പി.ജയരാജൻ, വി.എസ്.സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, എ.കെ ബാലൻ ഉൾപ്പെടെയുള്ളവരും വിവിധ കക്ഷി നേതാക്കളും സത്യഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയാണ് പ്രതിഷേധ പരിപാടി.
ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചുനിന്ന് കേന്ദ്രസർക്കാരിനെതിരേ സമരം നടത്തുന്നത് ആദ്യമാണ്. പാർലമെന്റിൽ പാസാക്കിയ നിയമത്തിനെതിരേ കേരളത്തിന് ഭരണഘടനാപരമായി മാറി നിൽക്കാനാകില്ലെന്ന കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്കെതിരേ മന്ത്രിമാർ രൂക്ഷ വിമർശനം ഉന്നയിച്ചു.