കൊല്ലം :പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന കേരള സര്‍ക്കാരിന്റെ നയം ഡല്‍ഹിയില്‍ പ്രതിഷേധങ്ങളെ മര്‍ദ്ദിച്ച് ഒതുക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയത്തിന് സമാനമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എം.പി. പറഞ്ഞു.
ഇതിന് തെളിവാണ് ചിതറയില്‍ നടന്ന പ്രതിഷേധത്തിനെതിരെ പോലീസ് അഴിച്ചുവിട്ട അക്രമണം. പൗരത്വ നിയമഭേദഗതിയെ പരസ്യമായി എതിര്‍ക്കുന്ന സിപിഎമ്മും സംസ്ഥാന സര്‍ക്കാരും അണിയറയില്‍ ബിജെപിക്ക് പൗരത്വ നിയമഭേദഗതി പ്രചരിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നതെന്ന് പ്രേമചന്ദ്രൻ ആരോപിച്ചു.
ഡല്‍ഹിയിലും യു.പിയിലും കര്‍ണ്ണാടകത്തിലും പോലീസ് സ്വീകരിച്ച നടപടികള്‍ക്ക് സമാനമായ നടപടിയാണ് കേരളത്തിലും സ്വീകരിച്ചത്. പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന നേതാക്കളെ തെരെഞ്ഞുപിടിച്ച് മര്‍ദ്ദിച്ച് അവശരാക്കുന്ന പോലീസ് നടപടിയാണ് രാജ്യത്ത് ഉടനീളം ബി.ജെ.പി സര്‍ക്കാരുകള്‍ നടത്തുന്നത്.
ബി.ജെ.പി സര്‍ക്കാരുകള്‍ ചെയ്യുന്നത് പോലെ കേരളത്തിലും പൗരത്വ നിയമഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ ജാമ്യമില്ലാത്ത വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസുകളിൽ കുടുക്കുന്ന പോലീസ് രാജ് കേരളത്തിലും നടപ്പാക്കുന്നുവെന്നാണ് ചിതറ സംഭവം വെളിപ്പെടുത്തുന്നത്. സമാധാനപരമായി പ്രതിഷേധം നടത്തിവരെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടി പ്രതിഷേധാത്മകമാണ്.
കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത അഭ്യന്തര വകുപ്പിന്റെ ചുമതലയുളള മുഖ്യമന്ത്രി ഡല്‍ഹിയില്‍ അമിത്ഷാ നല്കുന്ന സന്ദേശത്തിന് സമാനമായ സന്ദേശമാണ് കേരളത്തിലും നല്‍കുന്നത്. അക്രമണം അഴിച്ചുവിട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും എന്‍.കെ.പ്രേമചന്ദ്രന് എം.പി ആവശ്യപ്പെട്ടു.