സ്വന്തം ലേഖകൻ
തൃശൂർ: ഹിന്ദുരാഷ്ട്രമെന്ന ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് ഭരണഘടനാവിരുദ്ധമായ പൗരത്വ രജിസ്റ്റർ ബിജെപി സർക്കാർ നടപ്പാക്കുന്നതെന്നു ശശി തരൂർ എംപി. തൃശൂർ സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ച “ഇന്ത്യൻ ഭരണഘടനയും യുവാക്കളും’ എന്ന വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിന്റെ ഭരണഘടന “ഹിന്ദുത്വ’ ആണ്. ഇന്ത്യൻ ഭരണഘടന ഇല്ലാതാക്കി ഹിന്ദുത്വ ഭരണഘടന നടപ്പാക്കാനാണു ശ്രമം. മാതൃഭൂമി, പിതൃഭൂമി, പുണ്യഭൂമി എന്നൊക്കെയാണ് സവർക്കർ പഠിപ്പിച്ചിട്ടുള്ളത്. രാജ്യത്തെ മുസ്ലിം, ക്രിസ്ത്യൻ എന്നിങ്ങനെയുള്ള ഇതര ജാതിയിലുള്ളവർ ഈ സങ്കൽപത്തിനു പുറത്താണ്. ഹിന്ദി സംസാരിക്കുന്ന ഹിന്ദുക്കൾ മാത്രമാണ് അവർക്കു യഥാർഥ ഹിന്ദുക്കൾ. ഇതര ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളെപ്പോലും അവർ അംഗീകരിക്കുന്നില്ല.
പൗരത്വ ബിൽ നടപ്പാക്കുന്നതോടെ ദേശീയ പൗരത്വ രജിസ്റ്ററും നടപ്പാക്കും. കേരളത്തിലുള്ളവരെ ഇതു സാരമായി ബാധിക്കില്ല. എന്നാൽ ഇതര സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും ചേരികളിലും താമസിക്കുന്നവർക്കു പൗരത്വം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കാൻ കഴിയില്ല. അവർ ഇന്ത്യക്കാരല്ലാതാകും.
നിയമം മതേതരത്വത്തിന് എതിരാണെന്നല്ല ഞാൻ ചൂണ്ടിക്കാണിക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന ഐക്യത്തിനും സമഭാവനയ്ക്കും എതിരാണ് പൗരത്വ ബിൽ. ഭരണഘടനതന്നെ ഭീഷണിയുടെ നിഴലിലാണ്: ശശി തരൂർ പറഞ്ഞു.
വിദ്യാർഥികൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടിയും നൽകി. രാഷ്ട്രീയക്കാർക്കു വിദ്യാഭ്യാസ യോഗ്യത ഉണ്ടാകുന്നതു നല്ലതാണെന്ന്, ചോദ്യത്തിനു മറുപടി പറഞ്ഞു.
കാഷ്മീരിലെ ജനങ്ങളുടെ ദുരിതം പറഞ്ഞറിയിക്കാനാവില്ലെന്നു മറ്റൊരു ചോദ്യത്തിനു മറുപടി നൽകി. ഭരണഘടന വാഗ്ദാനം ചെയ്യുന്ന മതേതരത്വവും സമഭാവനയും ഇല്ലാതാക്കാൻ പാർലമെന്റിലെ ഭൂരിപക്ഷാവകാശത്തെ ദുരുപയോഗിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.
അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, എക്സിക്യൂട്ടീവ് മാനേജർ ഫാ. വർഗീസ് കുത്തൂർ, പ്രിൻസിപ്പൽ ഡോ. കെ.എൽ. ജോയ്, ഒഎസ്എ പ്രസിഡന്റ് പി.എം. തോമസ്, സെക്രട്ടറി സി.എ. ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.