തിരുവനന്തപുരം: ഹിറ്റ്ലറെയും മുസോളിനിയെയും പോലുള്ള ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാമാന്യ ജനതയുടെ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി വർഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാൾ ശ്രമിക്കുന്നതെന്നും പൗരത്വ ബില്ലിനെ വർഗീയമായ ഇരട്ടത്താപ്പ് എന്നല്ലാതെ മറ്റൊരു തരത്തിലും വിശേഷിപ്പിക്കാനാവില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ അടിത്തറ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ഐക്യത്തിലൂന്നിയ സഹവർത്തിത്വമാണ്. ആ സവിശേഷതകൾക്കു കാവലാളാണ് രാജ്യത്തിന്റെ ഭരണഘടന. ഇന്ത്യയെ മതരാഷ്ട്രമാക്കാൻ ആഗ്രഹിക്കുന്നവരുടെ ആദ്യത്തെ ആക്രമണം ഭരണഘടനയ്ക്ക് നേരെ ആകുന്നതിന്റെ കാരണവും അതു തന്നെയാണ്. സാമ്രാജ്യത്വത്തിന്റെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിച്ച എല്ലാത്തിനെയും;
എല്ലാ സ്മരണകളെയും പ്രതീകങ്ങളെയും ആക്രമിക്കുകയാണ്. ഗാന്ധിജിയുടെ ചിത്രത്തെപ്പോലും വെടിവെച്ചു കൊല്ലുന്നു. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ കേന്ദ്ര സർക്കാർ മതേതര ഇന്ത്യയെ കശാപ്പുചെയ്യുകയാണ്. അതിനു നേതൃത്വം വഹിക്കുന്നത് രാജ്യം ഭരിക്കുന്ന കക്ഷി തന്നെയാണ്. ആ കക്ഷിയെ നിയന്ത്രിക്കുന്നത് ഫാസിസ്റ്റു സ്വഭാവമുള്ള ആർഎസ്എസാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാർലമെന്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിൽ എൻഡിഎ സർക്കാർ കൊണ്ടുവന്നത്. ഇതിന്റെ തുടർച്ചയായി ദേശീയ പൗരത്വ രജിസ്റ്റർ കൊണ്ടുവരുന്നു. പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ടതോടെ രാജ്യത്തു പൊടുന്നനെ അശാന്തി പടർന്നു.
സാന്പത്തികമാന്ദ്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറയ്ക്കൽ, തൊഴിലാളിവിരുദ്ധ തൊഴിൽ നിയമഭേദഗതി, പട്ടിണി, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ വർഗീയമായ വേർതിരിവുകൾ സൃഷ്ടിക്കപ്പെടുന്നതിലേക്കു മാറിയിരിക്കുന്നു. അതിന്റെ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധപ്രകടനങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
പൗരത്വ ബില്ലിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ ബിജെപിയുടെ സഖ്യകക്ഷികൾ പോലും എതിർത്തതാണ്. മൂന്നു അയൽ രാജ്യങ്ങളിലെ ഹിന്ദു, പാർസി, ജൈന, ക്രിസ്ത്യൻ, സിഖ് വിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്പോൾ തന്നെയാണ് മുസ്ലിംകളെ ഒഴിവാക്കി നിർത്തുന്നത്. വർഗീയമായ ഇരട്ടത്താപ്പ് എന്നല്ലാതെ മറ്റൊരു വിശേഷണവും ഇതിനില്ല. ഭരണഘടനയെ അട്ടിമറിക്കുകയാണ്. ഭരണഘടനയിലെ പൗരത്വസങ്കൽപമാണു ഏകപക്ഷീയമായി മാറ്റിമറിച്ചത്. ഭരണഘടനാ വിരുദ്ധമായ നിയമം നിലനില്പില്ലാത്തതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
2024-ലെ പൊതുതെരഞ്ഞെടുപ്പിനു മുന്പ് പൗരത്വ പട്ടിക പുതുക്കുകയാണ് ബില്ലിന്റെ രാഷ്ട്രീയ ഉദ്ദേശം. അത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറെക്കുറെ പരസ്യമായി സൂചിപ്പിക്കുന്നുണ്ട്. രാജ്യത്തു ന്യൂനപക്ഷജനവിഭാഗങ്ങളുടെ സാന്നിധ്യം കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയുള്ളതാണ് ഈ നീക്കങ്ങളാകെ. മതനിരപേക്ഷമായ ഒരു രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നുവെന്നത് ഉൽക്കണ്ഠാജനകമാണ്- മുഖ്യമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യസമര കാലത്ത് അന്നത്തെ സംഘനേതൃത്വം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ പാദസേവകരായിരുന്നു. ദേശീയ സ്വാതന്ത്ര്യ സന്പാദനത്തിലോ ഭരണഘടനയുടെ നിർമിതിയിലോ യാതൊരു പങ്കും വഹിക്കാത്തവരാണ് ആർഎസ്എസ്.
ഹിറ്റ്ലറെയും മുസോളിനിയെയും പോലുള്ള ഫാസിസ്റ്റുകളാണ് സംഘപരിവാറിന്റെ കാണപ്പെട്ട ദൈവങ്ങൾ. ആര്യൻമാരാണ് ഏറ്റവും ഉയർന്ന വംശം എന്ന ഹിറ്റ്ലറുടെ ആശയമാണ് സംഘപരിവാറിന്റെ ആശയ അടിത്തറയെന്നും മുഖ്യമന്ത്രി പരിഹസിച്ചു.