മുംബൈ: പൗരത്വ ഭേദഗതി നിയമത്തിൽ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെ ഉണ്ടായ നടപടിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ മൗനം പാലിക്കുന്നതിന് എതിരെ സോഷ്യൽ മീഡിയയിൽ അമർഷം. റേഡിയോ ജോക്കിയും നടനുമായ റോഷൻ അബ്ബാസ്, എഴുത്തുകാരൻ ആതിഷ് തസീർ അടക്കമുള്ളവരാണ് ട്വിറ്ററിലൂടെ രംഗത്ത് വന്നിരിക്കുന്നത്.
ഇത്രയേറെ സംഭവങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മൗനമായിരിക്കുന്നതെന്ന് റോഷൻ അബ്ബാസ് ട്വിറ്ററിൽ ചോദിച്ചു.’നിങ്ങളും ജാമിയയിൽ നിന്നല്ലേ ഷാരൂഖ് ഖാൻ, എന്തെങ്കിലും ഒന്ന് പറയൂ. ആരാണ് നിങ്ങളെ നിശ്ശബ്ദനാക്കിയിരിക്കുന്നത് ? #IStandWithJamiaMilliaStudents എന്ന ഹാഷ് ടാഗിനൊപ്പമാണ് റോഷൻ അബ്ബാസിൻറെ ചോദ്യം. താങ്കളുടെ മൗനം അപമാനകരമാണെന്നായിരുന്നു ആതിഷിന്റെ പ്രതികരണം.
ജാമിയ മിലിയ സർവകലാശാലയിൽ ഞായറാഴ്ച ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ബോളിവുഡിലെ മിക്ക താരങ്ങളും പ്രതികരണവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. രാജ് കുമാർ റാവു, താപ്സി പന്നു, അലംകൃത ശ്രിവാസ്തവ, റിച്ച ഛന്ദ, അനുഭവ് സിൻഹ, അനുരാഗ് കശ്യപ്, പരിനീതി ചോപ്ര എന്നിവർ പൗരത്വ ഭേദഗതി നിയമത്തിൽ തങ്ങളുടെ അഭിപ്രായം സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരുന്നു.
എന്നാൽ, ബോളിവുഡിലെ സൂപ്പർ താരങ്ങളായ ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ എന്നിവർ ഇതുവരെ ഇക്കാര്യത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്തിയിട്ടില്ല.ജാമിയ വിഷയവുമായി ബന്ധപ്പെട്ട ഒരു ട്വീറ്റിൽ അക്ഷയ് കുമാർ ലൈക്ക് ചെയ്തിരുന്നു. എന്നാൽ, അറിയാതെ കൈ തട്ടി ലൈക്ക് ആയി പോയതാണെന്ന് ആയിരുന്നു അതിന് അദ്ദേഹത്തിന്റെ വിശദീകരണം.
ഷാരൂഖ് ഖാനും റോഷൻ അബ്ബാസും ആതിഷ് തസീറും ജാമിയ മിലിയ സർവകലാശാലയിലെ പൂർവ വിദ്യാർഥികളാണ്. ഇരുവരും സർവകലാശാലയിലെ മാസ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ ആയിരുന്നു.