സ്വന്തം ലേഖകൻ
തൃശൂർ: അടിയന്തരാവസ്ഥയേക്കാൾ ഭീകരമായ അവസ്ഥയാണു രാജ്യത്തു നിലവിലുള്ളതെന്ന് മന്ത്രി വി.എസ്. സുനിൽകുമാറും ടി.എൻ. പ്രതാപൻ എംപിയും. ദീപിക പത്രാധിപ സമിതി അംഗമായിരുന്ന ഫ്രാൻസിസ് തടത്തിൽ രചിച്ച ’നാലാം തൂണിനപ്പുറം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു ഇരുവരും. വിവരങ്ങൾ പുറത്തറിയാതിരിക്കാൻ മാധ്യമപ്രവർത്തകരെ വേട്ടയാടുകയാണെന്ന് മന്ത്രി സുനിൽകുമാർ ചൂണ്ടിക്കാട്ടി. മാധ്യമങ്ങളുടെ പ്രാധാന്യം വർധിച്ചിരിക്കുകയാണ്.
കൂട്ടായ്മയോടെ ചെറുത്തു നിന്നില്ലെങ്കിൽ ജനാധിപത്യംതന്നെ ഇല്ലാതാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജാതീയമായും പ്രദേശികമായും വിഭജിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരും ജനങ്ങളും ജാഗ്രതയോടെയും ഒരുമയോടെയും പ്രതികരിച്ചില്ലെങ്കിൽ ഇനി പ്രതികരിക്കാൻ അവസരമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
രക്താർബുദം ബാധിച്ച് ആറുവർഷം അമേരിക്കയിലെ ആശുപത്രിയിൽ വെന്റിലേറ്ററിലും തീവ്രപരിചരണ വിഭാഗത്തിലുമായി കഴിച്ചുകൂട്ടിയ ഫ്രാൻസിസ് തടത്തിൽ രോഗശയ്യയിലിരുന്നു രചിച്ച പത്രപ്രവർത്തന അനുഭവങ്ങളുടെ ഓർമകൾ അവിസ്മരണീയമായ വിവരണങ്ങളാണെന്ന് അധ്യക്ഷത വഹിച്ചു സംസാരിച്ച ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് പറഞ്ഞു.
ഫ്രാൻസിസിന്റെ പത്നി നെസി ഫ്രാൻസിസിനെ പൊന്നാടയണിയിച്ച് മന്ത്രി സുനിൽകുമാറും ടി.എൻ. പ്രതാപൻ എംപിയും ചേർന്ന് ആദരിച്ചു. തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.
തൃശൂർ പബ്ലിക് ലൈബ്രറി സെക്രട്ടറിയും നഗരസഭാ മുൻ ഉപാധ്യക്ഷനുമായ പ്രഫ. ജോണ് സിറിയക്, മുതിർന്ന മാധ്യമ പ്രവർത്തകരായ അലക്സാണ്ടർ സാം, എൻ. ശ്രീകുമാർ, അഡ്വ. അഗസ്റ്റിൻ കണിയാമറ്റം, ഫ്രാങ്കോ ലൂയിസ്, റീന വർഗീസ് കണ്ണിമല എന്നിവർ പ്രസംഗിച്ചു.