ആലുവ: പൗരത്വ ഭേദഗതി ബില്ലിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ വധിക്കാൻ സിനിമ താരം ടിനി ടോം ആഹ്വാനം ചെയ്തതായി ആരോപിച്ച് ജില്ലാ പോലീസ് മേധാവിക്ക് ബിജെപി നേതാവ് പരാതി നൽകി.
പ്രധാനമന്ത്രിയെ വധിക്കണമെന്ന് താരം തന്റെ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച് ബിജെപി ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബാബു കരിയാടാണു പരാതി നൽകിയത്.
പൗരത്വ ബില്ലിനെ അനുകൂലിച്ചും എതിർത്തും നിലപാട് സ്വീകരിക്കാൻ ഏതൊരു പൗരനും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇതിൻറെ മറവിൽ രാജ്യത്ത് കലാപവും അക്രമവും നടത്താൻ പ്രേരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ഈ സാഹചര്യത്തിൽ ടിനി ടോമിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു.
മുൻപൊരു നാട്ടിൽ അക്രമാസക്തമായ ജനക്കൂട്ടം അവിടുത്തെ പ്രധാനമന്ത്രിയെ കൊന്നുതിന്നു എന്ന് എഴുതിയിട്ടുള്ള ഒരു ചിത്രമാണു ടിനി ടോം ഫേസ്ബുക്കിൽ പങ്കുവച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ടിനിയുടെ പോസ്റ്റ് വിവാദമാകുകയായിരുന്നു.