സ്വന്തം ലേഖകന്‍
കോഴിക്കോട്: പൗരത്വബില്ലുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരായ സമരത്തില്‍ ഒറ്റക്കെട്ടാകുമ്പോഴും സമരക്കാര്‍ക്കെതിരായ പോലീസ് നടപടിയില്‍ ഇടതു വലതു മുന്നണികള്‍ കൊമ്പുകോര്‍ക്കുന്നു. സമരം ചെയ്ത പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടിയില്‍ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തെത്തി.
പൗരത്വബില്‍ ഭേദഗതിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫുമായി സമരത്തില്‍ കൈകോര്ക്കുന്നതിനെതിരേ യുഡിഎഫില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയരുന്നതിനിടയിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്നത്. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി സംസ്ഥാന സര്‍ക്കാരിനെതിരേയും പൗരത്വബില്‍ ദേദഗതിെക്കതിരായ സമരവുമായി കേന്ദ്രസര്‍ക്കാരിനെതിരെയും മുന്നോട്ടുപോകേണ്ട അവസ്ഥയാണ് യുഡിഎഫിനുള്ളത്.
സംസ്ഥാന പോലീസ് ഈ വിധത്തിലല്ല പെരുമാറേണ്ടതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുംരംഗത്തെത്തി. ഒരുവിധ ആഹ്വാനവുമില്ലാതെ ജനങ്ങള്‍ മൊത്തത്തില്‍ പ്രതിഷേധിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണുന്നത്.
അങ്ങനെയുള്ള സമരത്തിന് മുന്നില്‍ നില്‍ക്കുന്നവരെ തല്ലിച്ചതയ്ക്കുകയും ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലിടുകയും ചെയ്യുന്ന പോലീസ് സമീപനം പ്രതിഷേധാര്‍ഹമാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെ ഇത്തരത്തില്‍ കൈകാര്യം ചെയ്തതിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെയും ഡിജിപിയെയും അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം രാജ്യത്തിന് നല്‍കാനാണ് സര്‍ക്കാറുമായി യോജിച്ച സമരത്തിന് തയാറായത്. എന്നാല്‍ തുടര്‍ സമരങ്ങളെ കുറിച്ച് ആലോചിച്ചിട്ടില്ല. യുഡിഎഫ് ഒറ്റയ്ക്ക് വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയാണ്. യുഡി എഫ് നേതൃത്വത്തില്‍ നാളെ 140 നിയോജക മണ്ഡലങ്ങളിലും മതേതര കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍ശബ്ദങ്ങള്‍ പരിഗണിച്ച് തല്ക്കാലം ഒറ്റയ്ക്ക് സമരവുമായി മുന്നോട്ടുപേകാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ മുന്നണിയുടെ നേതൃത്വത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ നടത്തും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ വമ്പിച്ച ജനമുന്നേറ്റം ഉണ്ടാകുകയാണ്.
അതിനെ അടിച്ചമര്‍ത്താനുള്ള നീക്കം സര്‍ക്കാറും പോലീസും ഉപേക്ഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. മംഗലാപുരത്ത് പ്രതിഷേധക്കാരെ പോലീസിനെ ഉപയോഗിച്ച് നേരിട്ട യെദ്യൂരപ്പയും കേരളത്തില്‍ അതേ മാര്‍ഗം സ്വീകരിക്കുന്ന പിണറായി വിജയനും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്ന ചോദ്യവുമായി എം.കെ.രാഘവന്എംപിയും രംഗത്തെത്തി.