തിരുവനന്തപുരം: പൗരത്വ ഭേദഗതി ബില്ലിനെതിരേ ഭരണ-പ്രതിപക്ഷ കക്ഷികൾ സംയുക്തമായ നടത്തിയ സമരത്തെ സ്വാഗതം ചെയ്ത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ സാഹചര്യത്തിനനുസരിച്ച് ബിജെപി ഇതര കക്ഷികൾ ഒന്നിക്കണം. സംയുക്ത സമരത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്തതിനെയും ഉമ്മൻ ചാണ്ടി സ്വാഗം ചെയ്തു. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ അടിച്ചൊതുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇത് കണ്ടില്ലെന്ന് വയ്ക്കാൻ കഴിയില്ല. മാധ്യമങ്ങളെ പോലും തടയുന്ന പ്രവണത ഒരുകാലത്തുമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ സംയുക്ത സമരത്തിൽ പ്രതിപക്ഷ നേതാവ് അടക്കമുള്ള യുഡിഎഫ് നേതാക്കൾ പങ്കെടുത്തതിനെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എതിർത്തിരുന്നു. ഇത്തരം സമരങ്ങൾ ഇനിയുണ്ടാവില്ലെന്നും ന്യൂനപക്ഷങ്ങളുടെ വോട്ട് തേടാനുള്ള സിപിഎം ശ്രമമാണ് സംയുക്ത സമരമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ വിമർശനം.