ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഇടതുപക്ഷം, ടിഎംസി തുടങ്ങിയ പാർട്ടികൾ പൗരത്വ ഭേദഗതി നിയമത്തെ എൻആർസിയുമായി ബന്ധിപ്പിച്ച് തെറ്റായ ആശയങ്ങൾ പ്രചരിപ്പിക്കുകയാണെന്നും അവർ ആരോപിച്ചു.
പൗരത്വ ഭേദഗതി നിയമം ഒരു ഇന്ത്യക്കാരനും പൗരത്വം നിഷേധിക്കുന്നില്ല. നിയമത്തിന് യഥാർഥത്തിൽ ഒരു ഇന്ത്യൻ പൗരനുമായി യാതൊരു ബന്ധവുമില്ലെന്നും അവർ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബിൽ ജനങ്ങളോട് വായിക്കാനും ആവശ്യമെങ്കിൽ വ്യക്തത തേടാനും നിർമല അഭ്യർഥിച്ചു.
അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളോട് കേന്ദ്രസർക്കാർ കടുത്ത അവഗണന കാട്ടുകയാണെന്ന് സോണിയ ഗാന്ധി ആരോപിച്ചു. വേറിട്ട ശബ്ദങ്ങളെ ബിജെപി കിരാത ശക്തിയുപയോഗിച്ച് അടിച്ചമർത്തുകയാണ്. ജനാധിപത്യത്തിൽ ഇത് സ്വീകരിക്കാനാകില്ലെന്നും സോണിയ കുറ്റപ്പെടുത്തി.
കോണ്ഗ്രസ് വിദ്യാർഥികൾക്കൊപ്പം നിൽക്കുന്നു. ഭരണഘടനയുടെ മൂല്യത്തിനു മൗലികാവകാശ സംരക്ഷണത്തിനും കോണ്ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ഉറപ്പു നൽകുന്നുവെന്നും സോണിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.