കെഎസ്ആര്‍ടിസിയിലെ ശമ്പളവിഷയത്തില്‍ മന്ത്രിയും തൊഴിലാളി യൂണിയനുകളും നേര്‍ക്കുനേര്‍.
പണിമുടക്കിയ സാഹചര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
ഇതോടെ, പണിമുടക്കില്‍ പങ്കെടുക്കാതിരുന്ന സിഐടിയുവും മന്ത്രിക്കെതിരേ തിരിഞ്ഞിരിക്കുകയാണ്.
സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധിയിലായതിനാല് കെഎസ്ആര്‍ടിസി ശമ്പളപ്രശ്നം ധനവകുപ്പിന്റെയും പരിഗണനയിലില്ല.
മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പ്രശ്നപരിഹാരത്തിനു സിഐടിയു ശ്രമിച്ചെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
രണ്ടുദിവസത്തെ ദേശീയപണിമുടക്കില്‍ പങ്കെടുത്തവരുടെ ശമ്പളം പിടിക്കുമെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
പണിമുടക്കുദിവസം ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും കെഎസ്ആര്‍ടിസിയില്‍ പ്രഖ്യാപിച്ചിരുന്നില്ല.
ശമ്പളപ്രശ്നത്തില്‍ കഴിഞ്ഞ അഞ്ചിനു പണിമുടക്കിയവരുടെ വേതനം പിടിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു.
ഇത്തരത്തില്‍ 12 കോടിയിലേറെ രൂപ ലാഭിക്കാമെന്നാണു മാനേജ്മെന്റിന്റെ കണക്കുകൂട്ടല്‍. പണിമുടക്കിയ ജീവനക്കാരുടെ പട്ടിക നാളെ നല്‍കാനാണു നിര്‍ദേശം.
പണിമുടക്കിന് തലേന്നും പിറ്റേന്നും മുന്‍കൂട്ടി അറിയിക്കാതെ ഹാജരാവത്തവര്‍ക്കും വൈകി എത്തിയവര്ക്കുമെതിരേയും നടപടിയുണ്ടാകും.
തൊഴിലാളി യൂണിയനുകള്‍ക്കെതിരേ ആഞ്ഞടിച്ച് ഇന്നലെയും മന്ത്രി രംഗത്തെത്തി. സ്ഥാപനത്തില്‍ പ്രതിസന്ധിയുണ്ടാക്കിയ യൂണിയന് നേതൃത്വവും മാനേജ്മെന്റും ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നു മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ വാക്കുകേള്‍ക്കാതെ പണിമുടക്കിയവരുടെ ഉത്തവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു പറയുന്നതില്‍ ന്യായമില്ല. കെഎസ്ആര്‍ടിസിയില്‍ ശമ്പളം കൊടുക്കേണ്ടതു സര്‍ക്കാരിന്റെ ചുമതലയല്ല.
പൊതുമേഖലാസ്ഥാപനങ്ങളില്‍ ശമ്പളം കൊടുക്കേണ്ട ബാധ്യത അതാത് മാനേജ്മെന്റിനാണ്. കെഎസ്ആര്‍ടിസിയില്‍ പ്രതിസന്ധിയുണ്ടായപ്പോഴാണു സര്‍ക്കാര്‍ ഇടപെട്ടത്.
എന്നാല്‍, യൂണിയനുകള്‍ സര്‍ക്കാരിനെ വിശ്വാസത്തിലെടുത്തില്ല. പിന്നെ എന്തിനാണു വീണ്ടും സര്‍ക്കാരിനെ സമീപിക്കുന്നത്? പ്രതിസന്ധി മൂര്‍ഛിപ്പിക്കുന്ന തരത്തില്‍ സമരം ചെയ്യുകയും ജനങ്ങളെ പെരുവഴിയിലാക്കുകയും ചെയ്യുന്ന സ്ഥിരം കലാപരിപാടി ഇനി അനുവദിക്കാനാവില്ല.
കഴിഞ്ഞ 10-നു ശമ്പളം നല്‍കാം, പണിമുടക്കരുതെന്നാണു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതു മാനിക്കാത്ത യൂണിയന് നേതൃത്വമാണു പ്രതിസന്ധിയുണ്ടാക്കിയത്.
സിഐടിയുവിന്റേതു മാതൃകാപരമായ സമീപനമായിരുന്നു. സാമ്പത്തികപ്രതിസന്ധിക്കിടയിലും കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്കരണം നടത്തി. യൂണിയനുകള്‍ വാശി പിടിച്ചാല്‍ അംഗീകരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആര്‍ടിസിയില്‍ ശമ്പളപ്രശ്നത്തിന് ഉടനൊന്നും പരിഹാരമുണ്ടാവില്ലെന്ന സൂചനയാണ് മന്ത്രിയുടെ വാക്കുകളിലൂടെ ലഭിക്കുന്നത്.