ഒറ്റപ്പാലം: അനധികൃതമായി നഗരത്തിനുള്ളില്‍ സിഐടിയു സ്ഥാപിച്ച ഓലഷെഡിന് വൈദ്യുതി കണക്്ഷന്‍ നല്കാനുള്ള കെഎസ്ഇബിയുടെ നീക്കത്തില്‍ പ്രതിഷേധം. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഒറ്റപ്പാലം നഗരത്തിനുള്ളില്‍ പുറമ്പോക്കു ഭൂമി കൈയേറിയത് ഒഴിപ്പിച്ചെടുക്കുകയും കണ്ടീഷണല്‍ പട്ടയങ്ങള്‍ റദ്ദാക്കുകയും ചെയ്യുന്ന സബ് കളക്ടറുടെ നടപടികള്‍ക്കു പൂര്‍ണപിന്തുണ നല്കുന്ന പി.ഉണ്ണി എംഎല്‍എയുടെ തൊഴിലാളി സംഘടനയ്ക്കുവേണ്ടി നടത്തുന്ന നിയമലംഘനമാണ് വിവാദമാകുന്നത്.
ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കാന്‍ വന്ന കെഎസ്ഇബി അധികൃതരും സ്ഥലത്തെ ടാക്‌സി ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളി വരെയും കാര്യങ്ങളെത്തിയിട്ടും വൈദ്യുതി കണക്്ഷന്‍ അനുമതിയുമായി കെഎസ്ഇബി മുമ്പോട്ടു പോകുകയാണ്.ഇതിന്റെ ഭാഗമായി ഷെഡിനുസമീപം ഇലക്ട്രിക് പോസ്റ്റും സ്ഥാപിച്ചു. ജില്ലാ സഹകരണ ബാങ്കിന്റെ ഒറ്റപ്പാലം ശാഖയ്ക്കു തൊട്ടടുത്താണ് ഓട്ടോ ടാക്‌സി സ്റ്റാന്‍ഡ് നിലനില്ക്കുന്നത്. ഇതിന്റെ മുന്‍ഭാഗത്താണ് സംസ്ഥാനപാതയോടു ചേര്‍ന്നു സിഐടിയു ചുമട്ടുതൊഴിലാളികള്‍ നിര്‍മിച്ച ഓലഷെഡുള്ളത്. മുമ്പ് ഈ ഷെഡ് മാറ്റി കോണ്‍ക്രീറ്റാക്കാന്‍ ശ്രമം നടത്തിയിരുന്നു.
ടാക്‌സിക്കാരും സിഐടിയുക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇതു നിര്‍ത്തിവച്ചത്. എസ്.അജയകുമാര്‍ എംപിയായിരുന്ന സമയത്ത് ടാക്‌സി സ്റ്റാന്‍ഡിനുവേണ്ടി ഷെഡ് നിര്‍മിച്ചുനല്കിയിരുന്നു.എന്നാല്‍ കാര്‍ഷെഡിനു മുമ്പില്‍നിന്നും സിഐടിയുവിന്റെ ഓലഷെഡ് പൊളിച്ചുമാറ്റാന്‍ ഇവര്‍ തയാറായില്ല. ഈ സംഭവം വലിയ വിവാദമാണ് ഉയര്‍ത്തിയത്. ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി പിഡിസി ബാങ്കിന്റെ കെട്ടിടവും സമീപത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മതിലും പൊളിച്ചുനീക്കാന്‍ നടപടി അനുവര്‍ത്തിക്കുന്നതിനിടെയാണ് ഇതിനോടു ചേര്‍ന്നു പുറമ്പോക്കു ഭൂമിയില്‍ സിഐടിയു നിര്‍മിച്ച അനധികൃത ഓലഷെഡിനു വൈദ്യുതിനല്കാനുള്ള കെഎസ്ഇബിയുടെ തീരുമാനം. സംഭവം വിവാദമായിരിക്കുകയാണ്.