തിരുവാര്‍പ്പ്: കോട്ടയം-തിരുവാര്‍പ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിനു മുന്പിൽ സിഐടിയു തൊഴിലാളികള്‍ കൊടികുത്തി നടത്തുന്ന സമരം അവസാനിപ്പിക്കും വരെ ബസിനു മുമ്പില്‍ ലോട്ടറി വിറ്റുള്ള പ്രതിഷേധ സമരം തുടരുമെന്ന് വെട്ടികുളങ്ങര ബസുടമ രാജ് മോഹന്‍.
കഴിഞ്ഞ ദിവസമാണ് സിഐടിയു നേതൃത്വത്തില്‍ ബസ് കൊടികുത്തി തടഞ്ഞത്. തിരുവാര്‍പ്പ് ബസ് സ്റ്റാൻഡിലാണ് പ്രതിഷേധസമരം രണ്ടു ദിവസമായി നടത്തുന്നത്.
നാലു ബസുകളുടെ ഉടമയാണ് രാജ്മോഹന്‍. കൊടികുത്തി സമരം നടത്തിയവരില്‍ വെട്ടിക്കുളങ്ങര ബസിലെ തൊഴിലാളികള്‍ ഇല്ലെന്നും രാഷ്ട്രീയ വൈരാഗ്യമാണ് സമരത്തിനു പിന്നിലെ കാരണമെന്നും തന്റെ സംരംഭത്തെ തകര്‍ക്കുകയാണ് സമരവുമായി ഇറങ്ങിയവരുടെ ലക്ഷ്യമെന്നും രാജ് മോഹന്‍ ആരോപിക്കുന്നു.
ഇന്നലെ സിഐടിയു തൊഴിലാളി യൂണിയനും രാജ്മോഹനും ലേബര്‍ ഓഫീസില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടു. നിശ്ചിത കളക്ഷന്‍ ലഭിച്ചാല്‍ നല്‍കേണ്ട ബാറ്റ് സംബന്ധിച്ച തര്‍ക്കമാണ് ബസ് ഉടമയും മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയുവും തമ്മിലുണ്ടായിരുന്നത്.
ഈ കാര്യത്തില്‍ ഇരു കൂട്ടരും നിലപാടു മാറ്റത്തത്താണ് ഇന്നലെ നടന്ന ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ ബസ് ഉടമയ്ക്ക് പിന്തുണയുമായി ബിജെപി ജില്ലാ നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
നടക്കുന്നത് ഫോട്ടോ ഷൂട്ടെന്ന്
ബസിനു മുമ്പില്‍ ലോട്ടറി കച്ചവടം നടത്തി പ്രതിഷേധിക്കുന്നത് ഫോട്ടോ ഷൂട്ടിനുവേണ്ടിയാണെന്നും പോലീസ് സ്റ്റേഷനിലും ലേബര്‍ ഓഫീസിലും നടത്തിയ ചര്‍ച്ചയുടെ തീരുമാനം നടപ്പാക്കന്‍ വെട്ടിക്കുളങ്ങര ബസ് ഉടമ തയാറാകണമെന്നും മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയു ആവശ്യപ്പെട്ടു.
കുമരകം പോലീസിന്റെ സാന്നിധ്യത്തില്‍ ഉടമയും തൊഴിലാളികളും യൂണിയന് പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നു. അന്നു വച്ച് എഗ്രിമെന്റ് ഉടമ ലംഘിച്ചു.
തുടര്‍ന്ന് ലേബര്‍ ഓഫീസില്‍ തൊഴിലാളികള്‍ പരാതി നല്കി. ചര്‍ച്ചയില്‍ 17 ദിവസം തൊഴില്‍ നല്കാന് ഉടമ തയാറായി കരാറില്‍ ഒപ്പിട്ടു. വര്‍ധിപ്പിച്ച ശമ്പളം നല്‍കുമെന്നും പറഞ്ഞിരുന്നു.
എന്നാല്‍ ഇതു രണ്ടും പാലിക്കാന്‍ ഉടമ തയാറാകാതെ വന്നതോടെയാണ് തൊഴിലാളികള്‍ കൊടികുത്തി സമരം ആരംഭിച്ചതെന്നും മോട്ടോര്‍ ആന്‍ഡ് മെക്കാനിക്കല്‍ വര്‍ക്കേഴ്സ് യൂണിയന് സിഐടിയു പ്രസിഡന്റ് പി.ജെ. വര്‍ഗീസും സെക്രട്ടറി സി.എന്‍. സത്യനേശനും പറഞ്ഞു.