പത്തനംതിട്ട: നോക്കുകൂലി, അമിതകൂലി നിരോധന ഉത്തരവ് വന്നതിനു പിന്നാലെ സിഐടിയു നേതൃത്വത്തിൽ നോക്കുകൂലിയായി ചോദിച്ചത് 13,000 രൂപ. ഒടുവിൽ 2,000 രൂപ വാങ്ങി നോക്കുകൂലി നിരോധനത്തെ ഭരണാനുകൂല തൊഴിലാളി സംഘടനതന്നെ നോക്കുകുത്തിയാക്കി.
മല്ലപ്പളളി വെണ്ണിക്കുളം പടുതോട് നാറാണത്ത് രാജു വർഗീസിന്റെ വീടു നിർമാണത്തിന്റെ ഭാഗമായി ഗ്രാനൈറ്റ് വാങ്ങിക്കൊണ്ടുവന്ന ഉടമയോടു നോക്കുകൂലി ചോദിച്ചു ലോഡിറക്കുന്നതു സിഐടിയുവിൽപെട്ട ചുമട്ടു തൊഴിലാളികൾ തടഞ്ഞു. തർക്കം പരിഹരിച്ച് ലോഡിറക്കിയതു മൂന്നു മണിക്കൂറിനുശേഷം.
120 ചതുരശ്ര അടി ഗ്രാനൈറ്റ് ഇറക്കുന്നതിനു തൊഴിലാളികൾ ആവശ്യപ്പെട്ടത് 13,000 രൂപയാണ്. മൂന്നു മണിക്കൂർ നീണ്ട തർക്കത്തിനൊടുവിൽ മല്ലപ്പളളി അസിസ്റ്റന്റ് ലേബർ ഒാഫീസർ എം. എസ്. സുരേഷ് സ്ഥലത്തെത്തി നടത്തിയ ചർച്ചയിൽ 2000 രൂപയ്ക്കു ലോഡിറക്കി.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം 4.30ഓടെയാണ് ഉടമ പത്തനംതിട്ടയിലെ സ്ഥാപനത്തിൽനിന്നു ഗ്രാനൈറ്റ് വാങ്ങി കടയിൽനിന്നുള്ള വാഹനത്തിൽ തൊഴിലാളികളുമായി എത്തിയത്. തർക്കമായതോടെ ലോഡ് ഇറക്കിയത് രാത്രി 7.30ഓടെയാണ്.
വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികൾ ഗ്രാനൈറ്റ് ഇറക്കാൻ തുടങ്ങിയപ്പോഴാണ് വെണ്ണിക്കുളത്തുനിന്ന് ഏഴ് സിഐടിയു തൊഴിലാളികളെത്തി. ലോഡ് തങ്ങൾ ഇറക്കിക്കൊളളാമെന്നും അല്ലെങ്കിൽ 13,000 രൂപ നൽകണമെന്നും വീട്ടുടമയോട് ആവശ്യപ്പെട്ടത്. തുക കുറച്ചു പറയാൻ വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ വിട്ടുവീഴ്ചയ്ക്കു തയാറായില്ല.
നോക്കുകൂലി നിരോധന ഉത്തരവിന്റെ അറിയിപ്പിനൊപ്പം പത്രങ്ങളിൽ കണ്ട ടോൾ ഫ്രീ നമ്പരിലേക്കു വിളിച്ചു രാജു പരാതി അറിയിച്ചു. അസിസ്റ്റന്റ് ലേബർ ഒാഫീസർ തൊഴിലാളികളുമായി ഫോണിൽ ബന്ധപ്പെട്ടു പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ല. പിന്നീടു തൊഴിലാളികളും വീട്ടുടമയും ലേബർ ഒാഫീസറുമായി നടത്തിയ ചർച്ചയെത്തുടർന്ന് 2000 രൂപയ്ക്കു ലോഡ് ഇറക്കാൻ ധാരണയാവുകയായിരുന്നു.