ആലുവ: സർക്കാർ ജില്ലാ ആശുപത്രി ജംഗ്ഷനിലെ ട്രാഫിക് ഐലൻഡ് കൈയേറി യൂണിയൻ ഓഫീസുകൾ നിരന്നിട്ടും ട്രാഫിക് പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. ഡ്രൈവർമാരുടെ കാഴ്ചയെ മറിച്ച് തിരക്കേറിയ റോഡിനു നടുവിലായി ചുമട്ടു തൊഴിലാളികളുടെയും ഓട്ടോ തൊഴിലാളികളുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നതാണ് പരാതിക്കിടയാക്കിയിരിക്കുന്നത്.
നസ്രത്ത്, പവർ ഹൗസ് റോഡുകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് ഷെഡുകളുടെ മറകാരണം സ്വതന്ത്രമായി വലത്തോട്ടു തിരിയാൻ കഴിയുന്നില്ല. ഇവിടെ ഐലൻഡിനോട് ചേർന്ന് ഓട്ടോ സ്റ്റാൻഡും പ്രവർത്തിക്കുന്നുണ്ട്. സ്വകാര്യ ബസ്സ്റ്റാൻഡിൽനിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസുകളും കെഎസ്ആർ ടിസി ബസ്സ്റ്റാൻഡിൽനിന്ന് പുറപ്പെടുന്ന എല്ലാ ബസുകളും ജില്ലാ ആശുപത്രി ജംഗ്ഷനിലൂടെയാണ് കടന്നുപോകുന്നത്.
മറുഭാഗത്തുള്ള രണ്ടാമത്തെ ട്രാഫിക് ഐലൻഡ് വാഹനങ്ങൾ പാർക്ക് ചെയ്യാനാണ് ഉപയോഗിക്കുന്നത്. മാസങ്ങളായി ഇരിക്കുന്ന ബൈക്കുകൾവരെ ഇക്കൂട്ടത്തിലുണ്ട്. ഇതിനിടയിൽ ഇവിടെ ഒരു ഓഫീസുകൂടി കെട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുണ്ട്.