വൈപ്പിന്‍ കുഴുപ്പിള്ളിയില്‍ പാചകവാതക വിതരണ ഏജന്‍സിയുടെ ഉടമയായ വനിതയെ സിഐടിയു പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി.
പാചകവാതക വിതരണ കേന്ദ്രത്തിനു മുമ്പില്‍ യൂണിയന്കാര് സമരം നടത്തുന്നതിനിടെയാണ് സംഭവം. യൂണിയന് പ്രവര്‍ത്തകര്‍ ഏജന്‍സി ഉടമകളോടു തട്ടിക്കയറുന്നതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണു തങ്ങളുടേതെന്നും ഏജന്‍സി പൂട്ടി പോയാലും ജീവനക്കാര്‍ക്കു ജോലി കൊടുക്കുമെന്ന് സിഐടിയു പ്രവര്‍ത്തകര്‍ പറയുന്നതും വീഡിയോയിലുണ്ട്.
പട്ടിക വിഭാഗത്തില്‍പ്പെട്ട ഏജന്‍സി ഉടമയായ വനിതയെ ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ മുനമ്പം പോലീസ് കേസെടുത്തു.
തൊഴിലാളികളുടെ സ്ഥിരനിയമനം ആവശ്യപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് എ ആന്‍ഡ് ഡിഎ ഗ്യാസ് ഏജന്‍സി ഉടമ ഉമ സുധീറിനു മര്‍ദനമേറ്റെന്നാണ് പരാതി.
ഉമയെ പിടിച്ചു തള്ളിയെന്നും ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നും പരാതി ഉയര്‍ന്നെങ്കിലും കേസെടുക്കാന്‍ പോലീസ് ആദ്യം തയാറായില്ലെങ്കിലും ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ ഗത്യന്തരമില്ലാതെ കേസെടുക്കുകയായിരുന്നു.
ഇരുകൂട്ടരുടെയും വാക്കുതര്‍ക്കത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ”നീ ഉണ്ടാക്കടാ.. ഒരുപാട് കേസുള്ള ആള്‍ക്കാരാണ് ഞങ്ങള്‍”, ”ചാകാനും കൊല്ലാനും അറിയാം”, ”പൂട്ടി പൊക്കോന്നേ.. കേരളം ഭരിക്കുന്ന പാര്‍ട്ടിയാ, ഞങ്ങള്‍ ജോലി കൊടുത്തോളാം..” എന്നിങ്ങനെ സിഐടിയു നേതാക്കള്‍ പറയുന്നതു വീഡിയോയില്‍ കാണാം. പോലീസ് സുരക്ഷ തേടി ഏജന്‍സി ഉടമകള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രദേശത്തെ മറ്റൊരു ഗ്യാസ് ഏജന്സിക്കാര് സിലിണ്ടര്‍ വിതരണത്തിനായി നിശ്ചിത മേഖല ഇതേ ഏജന്‍സിക്കാരെ ഏല്പിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് അവിടെ ഗ്യാസ് വിതരണത്തിനു നാലു പേരെ താല്‍ക്കാലികമായി ഏജന്‍സി നിയോഗിച്ചു. ഇതിനിടെ ഗ്യാസ് വിതരണ കമ്പനി പ്രതിദിനം വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ എണ്ണം കുറച്ചതോടെ താല്‍ക്കാലികമായി എടുത്ത തൊഴിലാളികള്‍ക്കു ജോലിയില്ലാതെയായി.
ഇവരെയും സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ഏജന്‍സിയെ സമീപിച്ചെങ്കിലും തയാറായില്ല. മറ്റൊരു കമ്പനി താല്‍ക്കാലികമായാണ് വിതരണം ഏല്പിച്ചിരിക്കുന്നതിനാല്, തൊഴിലാളികളെ സ്ഥിരപ്പെടുത്താനാവില്ല എന്നായിരുന്നു ഏജന്‍സി നിലപാട്.
ഇതോടെ തൊഴിലാളികള്‍ സിഐടിയു യൂണിയനില്‍ ചേര്‍ന്ന് സമരം സംഘടിപ്പിക്കുകയായിരുന്നു. യൂണിയന് യൂണിറ്റ് ഉദ്ഘാടനം ഏജന്‍സിയില്‍ നടത്താന്‍ മുതിര്‍ന്നതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.