സ്വന്തം ലേഖകൻ
തൃശൂർ: തൃശൂർ, പാലക്കാട് അടക്കം മലബാറിലെ ഏഴു ജില്ലകളിൽ സിറ്റി ഗ്യാസ് വിതരണ പദ്ധതിക്കു (സിജിസി) പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ തറക്കല്ലിട്ടു. ഡൽഹിയിൽ നടന്ന ചടങ്ങ് തൃശൂർ തേക്കിൻകാട് മൈതാനിയിലെ സദസിനു മുന്നിൽ ഓണ്‍ലൈനിലൂടെ സംപ്രേഷണം ചെയ്തായിരുന്നു ഉദ്ഘാടനം.
സി.എൻ. ജയദേവൻ എംപി അധ്യക്ഷനായി. ഇന്ത്യൻ ഓയിൽ കോർപറേഷൻ കേരള ഹെഡ് പി.എസ്. മോനി, ജനറൽ മാനേജർ പ്രസന്നകുമാർ, ഡെപ്യൂട്ടി ജനറൽ മാനേജർ കെ. രഘു എന്നിവർ സന്നിഹിതരായിരുന്നു.ന്യൂഡൽഹിയിലെ ചടങ്ങിൽ പ്രധാനമന്ത്രി 129 ജില്ലകളിലെ നിർമാണോദ്ഘാടനം നിർവഹിച്ചു.
50 ഭൂമിശാസ്ത്ര മേഖലകളിൽ ഉൾപ്പെടുന്ന 14 സംസ്ഥാനങ്ങളിലെ 124 ജില്ലകളിലേക്കുള്ള പത്താമത് സിജിഡി ലേലം അവതരിപ്പിക്കുകയും ചെയ്തു. കേരളത്തിൽ 17.27 ലക്ഷം വീടുകളിലേക്കും ഹോട്ടലുകളിലേക്കും ഫാക്ടറികളിലേക്കും പൈപ്പുലൈൻ വഴി പാചകവാതകം എത്തിക്കുന്ന പദ്ധതിയാണിത്. 597 പ്രകൃതിവാതക പമ്പുകളും തുടങ്ങും.
മൂന്നുമുതൽ എട്ടുവരെ വർഷത്തിനകം പണി പൂർത്തിയാക്കി വിതരണം ആരംഭിക്കും. കേരളത്തിൽ കൂടുതൽ കണക്ഷനുകൾ എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലാണ്. തൃശൂർ, വിവിധ ജില്ലകളിൽ നൽകുന്ന കണക്ഷനുകളുടെയും സ്ഥാപിക്കുന്ന പമ്പുകളുടെയും എണ്ണം: കോഴിക്കോട്, വയനാട് 4.21 ലക്ഷം, 142 പമ്പ്. മലപ്പുറം 3.38 ലക്ഷം, 130 പമ്പ്, കണ്ണൂർ, കാസർഗോഡ്, മാഹി 3.67 ലക്ഷം, 125 പമ്പ്. കേരളത്തിലെ പദ്ധതി പൂർത്തിയാക്കാൻ 1,200 കോടി രൂപ വേണ്ടിവരും.