തിരുവനന്തപുരം: ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ സംസ്ഥാനത്ത് സംയുക്ത പ്രക്ഷോഭം. ഭരണ-പ്രതിപക്ഷ പാര്‍ട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് യോജിച്ച പ്രതിഷേധം നടത്താനാണ് തീരുമാനം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. മന്ത്രിമാരും കക്ഷിനേതാക്കളും പ്രതിഷേധത്തിൽ പങ്കെടുക്കും.
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായ തുല്യതയെയും മതേതരത്വത്തെയും അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ സന്തതിയാണിത്. ഭരണഘടനാ വിരുദ്ധമായ ഒരു നിയമത്തിനും കേരളത്തിൽ സ്ഥാനമുണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണ-പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി പ്രക്ഷോഭത്തിനൊരുങ്ങുന്നത്.