മലപ്പുറം: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിലൂടെ രാജ്യത്തെ മുസ്ലിങ്ങൾക്കു വേരില്ലാതാക്കലാണ് ഉദേശ്യവും ലക്ഷ്യവുമെന്നു ജനങ്ങൾ ഭയപ്പെടുന്നുണ്ടെന്നു അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. പൗരത്വം ഒൗദാര്യമല്ല എന്ന തലക്കെട്ടിൽ എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് നടത്തിയ പൗരാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ ബില്ലിനെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ തീരുമാനിച്ചു കഴിഞ്ഞു. നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ പതിനാലാം അനുഛേദത്തിന്റെ ലംഘനമാണിത്. ഇന്ത്യ ഒരു മതരാഷ്ട്രമല്ല, അതിനാൽ മതത്തിന്റെ അടിസ്ഥാനത്തിലല്ല ഇവിടെ പൗരത്വം നൽകേണ്ടത്. ജനാധിപത്യത്തിൽ നിന്നു സ്വേഛാധിപത്യത്തിലേക്കു രാജ്യത്തെ കൊണ്ടുപോകാൻ അനുവദിക്കരുതെന്നു കാന്തപുരം പറഞ്ഞു.
പൗരത്വം സംബന്ധിച്ച ഒരു നിയമനിർമാണത്തിനു ആധാരമായി മുസ്ലിം അല്ലാതിരിക്കുക എന്നു മാദണ്ഡമാക്കുന്നത് ഞെട്ടലുളവാക്കുന്നതാണ്. മുസ്ലിങ്ങളുടെ വേരറുക്കുന്ന ഒൗദ്യോഗിക രേഖയായി ഈ ബില്ല് മാറുകയാണ്. കേന്ദ്ര സർക്കാർ പുനരാലോചന നടത്തണം. പൗരത്വ പട്ടികയുടെ പേരിൽ ഒരുവിഭാഗത്തെ മാറ്റിനിർത്താനുള്ള ശ്രമങ്ങളെ അംഗീകരിക്കാൻ കഴിയില്ലെന്നും മതപരമായ ഈ വിഭജനം ഇന്ത്യയുടെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും കാന്തപുരം പറഞ്ഞു.
സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി. എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി, പൊൻമള അബ്ദുൾ ഖാദിർ മുസ്ലിയാർ, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, ഡോ. സെബാസ്റ്റ്യൻ പോൾ, മാളിയേക്കൽ സുലൈമാൻ സഖാഫി, സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ്, റഹ്മത്തുള്ള സഖാഫി എളമരം, ഡോ. മുഹമ്മദ് കുഞ്ഞു സഖാഫി, സി.കെ റാഷിദ് ബുഖാരി, സയ്യിദ് മുഹമ്മദ് തുറാബ് അസഖാഫി, എ.പി മുഹമ്മദ് അബ്ദുൾ ഹക്കീം അസ്ഹരി, അബ്ദുസലാം മുസ്ലിയാർ ദേവർഷോല, മുഹമ്മദ് പറവൂർ തുടങ്ങിയവർ പ്രസംഗിച്ചു.