കാപ്പി കയറ്റുമതിയില്‍ ഏഷ്യയില്‍ മൂന്നാം സ്ഥാനക്കാരാണ് ഇന്ത്യ. ലോകത്തെ ഏറ്റവും വിലയേറിയ കാപ്പിക്കുരു കാപ്പിക്കുരുവിന്റെ നിര്‍മാണത്തിലാണ് ഇന്ത്യ ഇപ്പോള്‍. വിദേശ വിപണിയില്‍ കിലോയ്ക്ക 20000-25,000 രൂപയ്ക്കു മുകളിലാണ് ഇതിന്റെ വില. എന്നാല്‍ ഇത് ഉത്പാദിപ്പിക്കുന്ന വിധം കേട്ടാല്‍ ചിലപ്പോള്‍ നിങ്ങള്‍ ഞെട്ടും.’ വെരുക് കാപ്പി’യെന്നാണ് ഇതിന്റെ പേര്. സംശയിക്കേണ്ട വെരുകിന്റെ കാഷ്ഠത്തില്‍ നിന്നുതന്നെയാണ് ഇത് ഉത്പാദിപ്പിക്കുന്നത്.
ഇത്തരം കാപ്പിക്കുരു നിര്‍മ്മിക്കുന്നതിനുള്ള ചെലവ് തന്നെയാണ് ഇതിന്റെ വില കൂട്ടുന്നതും. വെരുക് തിന്നുന്ന കാപ്പിക്കുരുവില്‍ നിന്നുമാണ് ഇത് ഉണ്ടാക്കുന്നത്. കൂടുതല്‍ പോഷകഗുണമുള്ളതാകുന്നു എന്നതാണ് ഈ കാപ്പിക്കുരുവിന്റെ വില കൂട്ടുന്നത്. കാപ്പിക്കുരുവിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ കണ്ടെത്തുന്നതും അത് പ്രത്യേകമായി നിര്‍മ്മിക്കുന്നതിനും ഗുണ നിര്‍ണ്ണയം ഉള്‍പ്പെടെയുള്ള ചെലവേറിയ അനവധി കാര്യങ്ങള്‍ വരുന്നതാണ് കാരണം.
വെരുക് കാപ്പി കുടിക്കുന്ന വലിയ സമൂഹം ഗള്‍ഫിലും യൂറോപ്പിലും ഉണ്ട്. അതുകൊണ്ട് തന്നെ ഇതിന് വില വിദേശത്ത് കിലോയ്ക്ക് 20,000 മുതല്‍ 25,000 വരെയാണ്. കാപ്പിയുടെ പ്രധാന കേന്ദ്രമായ കര്‍ണാടകയിലെ കുടകിലാണ് ഇതിന്റെ വ്യാപകമായ നിര്‍മ്മാണം നടക്കുന്നത്. കുടകില്‍ ഇതിനായി തുറന്ന ഒരു ചെറുകിട വ്യവസായ കേന്ദ്രം കുടക് കണ്‍സോളിഡേറ്റിഡ് കമ്മോഡിറ്റിസ് (സിസിസി) വലിയ കേന്ദ്രമായി മാറിയിരിക്കുകയാണ്. തുടക്കത്തില്‍ 20 കിലോ വെരുക് കാപ്പി നിര്‍മ്മിച്ച ഇവര്‍ അത് 2015-16 ല്‍ 60 കിലോയും കഴിഞ്ഞ വര്‍ഷം 200 കിലോയുമായി കൂട്ടി.
പഴുത്ത കാപ്പിക്കുരുവാണ് വെരുകുകള്‍ തിന്നുന്നത്. ഇതിന്റെ തൊലി മാത്രമേ ദഹിക്കാറുള്ളു. ഇത് വിഴുങ്ങുന്ന കുരുവിലേക്ക് വയറ്റിനുള്ളിലെ ചില പ്രോട്ടീനുകള്‍ കൂടി കലര്‍ന്ന കാപ്പിക്കുരുവാക്കി മാറ്റും. വിദേശ രാജ്യങ്ങളില്‍ വെരുകിനെ കൂട്ടിലിട്ട് വളര്‍ത്തിയാണ് ഇത്തരം കാപ്പിക്കുരു നിര്‍മ്മിക്കുന്നത്. എന്നാല്‍ തങ്ങള്‍ ഇത് സ്വാഭാവികതയോടെയാണ് നിര്‍മ്മിക്കുന്നതെന്നാണ് കമ്പനി പറയുന്നത്. നാട്ടില്‍ ഒരു കിലോയ്ക്ക് 8000 രൂപയാണ് വില. നിര്‍മ്മാണത്തേക്കാള്‍ അതിന്റെ സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ക്കാണ് ചെലവ് കൂടുതലെന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. എന്തായാലും നല്ലൊരു വരുമാനമാര്‍ഗമാണ് ഈ വെരുകു കൃഷി എന്നു പറയേണ്ടിയിരിക്കുന്നു.