കൊയിലാണ്ടി: ലൈംഗികപീഡനക്കേസിൽ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രൻ ഒളിവിൽ തന്നെ. കേസെടുത്തിട്ട് നാലുദിവസം കഴിഞ്ഞിട്ടും പൊലീസിന് പ്രതിയെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല. പ്രതി ഒളിവിൽ ആണെന്നാണ് കൊയിലാണ്ടി പൊലീസ് നൽകുന്ന വിശദീകരണം.
കേസെടുത്തു
ദളിത് എഴുത്തുകാരിയുടെ പീഡനാരോപണക്കേസിൽ ലൈംഗിക അതിക്രമത്തിനും പട്ടികജാതിക്കാർക്കെതിരെയുള്ള അക്രമത്തിനുമാണ് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്.
വേഗം സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് എഴുത്തുകാരികൾ അടക്കമുള്ളവർ സംസ്ഥാന സർക്കാരിനോടും ആഭ്യന്തരവകുപ്പിനോടും ആവശ്യപ്പെട്ടു.
സിവിക് ചന്ദ്രൻ നിയമത്തിന് മുന്നിൽ കീഴടങ്ങണമെന്ന് യുവ എഴുത്തുകാർ ഉൾപ്പെടെയുള്ളവരും സാമൂഹ്യമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
സിവിക് ചന്ദ്രൻ മറ്റ് ചില ദളിത് പെൺകുട്ടികളോടും ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും പരാതി കൊടുത്ത സാഹിത്യകാരിയല്ലാതെ വെറെയും പെൺകുട്ടികൾ അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് വിവരം.
മെല്ലെപ്പോക്ക് എന്തിന്?
സിവിക് ചന്ദ്രന്റെ അടുത്ത സുഹൃത്തുക്കള്‍ ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നതിന് കോഴിക്കോട്ടെയും ഹൈക്കോടതിയിലെയും പ്രമുഖ അഭിഭാഷകരെ ബന്ധപ്പെട്ടതായാണ് വിവരം.
മുൻകൂർ ജാമ്യത്തിന്റെ വിവരങ്ങൾ അറിയുന്നതുവരെ ഇയാൾ ഒളിവിൽ തുടരാനാണ് സാധ്യത. അതിനിടെ തന്നെ ഇയാളെ കണ്ടെത്തി അറസ്റ്റ് നടപടി ഉണ്ടാകണമെന്നാണ് വനിതാ ആക്ടിവിസ്റ്റുകൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
പ്രമുഖർ കേസിൽപ്പെട്ടാൽ മെല്ലെപ്പോക്ക് നടപടികൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നാണ് ആക്ഷേപം.