പാലാരിവട്ടം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പാലാരിവട്ടം മേല്‍പ്പാലം പുനനിര്‍മാണം പുരോഗമിക്കവേ, പ്രദേശത്ത് ഗതാഗത കുരുക്കിന് വഴിയൊരുക്കി സിവില്‍ ലൈന്‍ റോഡിലെ ഒരു ഭാഗത്തെ കുഴികള്‍.
നിര്‍മാണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് പ്രദേശത്ത് ഫലപ്രദമായ രീതിയിലെടുത്ത ക്രമീകരണങ്ങളാല്‍ ദേശീയ പാതയിലടക്കം ഗതാഗത കുരുക്കു നന്നേ കുറവാണ്.
നേരത്തേ സ്ഥലത്ത് സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്ന സമയത്ത് രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടിരുന്നതെങ്കില്‍ നിലവില്‍ സിഗ്നല്‍ സംവിധാനമില്ലെങ്കിലും വാഹനങ്ങളുടെ ഒഴുക്ക് സുഗമമായി നടക്കുന്നുണ്ട്.
അതിനിടെയാണു സിവില്‍ ലൈന്‍ റോഡിലെ ഏതാനും കുഴികള്‍ വിനയാകുന്നത്. പാലാരിവട്ടം പോലീസ് സ്റ്റേഷന് ഭാഗത്തുനിന്നും മേല്‍പ്പാലം ഭാഗത്തേയ്ക്കുള്ള റോഡിലും തിരികേയുള്ള വശത്തുമാണു കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്.
ചെറുവാഹനങ്ങളെ അപകടത്തില്‍പെടുത്താന്‍ ഉതകുന്ന തരത്തിലുള്ളതാണ് ഈ കുഴികള്‍. ഇരുചക്ര വാഹന യാത്രികരാകും കൂടുതലായും അപകടത്തില്പെടുക. കുഴികളില്‍ ചാടാതിരിക്കാനായി കാറുകള്‍ ഉള്‍പ്പെടെയുള്ള ചെറുവാഹനങ്ങള്‍ വേഗത കുറയ്ക്കുന്നതും ഗതാഗത കുരുക്കിന് ഇടവരുത്തുന്നുണ്ട്.
മഴയുള്ള സമയങ്ങളില്‍ റോഡിന്റെ അവസ്ഥ തിരിച്ചറിയാന്‍ കഴിയാതെ ഡ്രൈവര്‍മാര്‍ ആശയക്കുഴപ്പത്തിലാകുന്നതും നിത്യകാഴ്ചയാണ്.
നാലു ഭാഗത്തുനിന്നും ഇടതടവല്ലാതെ നൂറുകണക്കിനു വാഹനങ്ങള്‍ കടന്നുപോകുന്ന പാലാരിവട്ടം മേല്‍പ്പാലം ഭാഗത്ത്
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും കുരുക്ക് അനുഭവപ്പെടാത്തതു യാത്രികര്‍ക്കും അനുഗ്രഹമാണെങ്കിലും സിവില്‍ ലൈന്‍ റോഡ് ഇതിന്റെ മേന്മ കുറയ്ക്കുന്നു. ഏതാനും ഭാഗത്തെ കുഴികള്‍ നാളുകള്‍ക്കുമുമ്പ് തട്ടികൂട്ടി മൂടിയെങ്കിലും ഇവിടെയും തകര്‍ന്ന നിലയിലാണ്.
സിവില്‍ ലൈന്‍ റോഡ് ടാര്‍ ചെയ്തു ഈ റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്ന ആവശ്യമാണ് ഉയര്‍ന്നിട്ടുള്ളത്. ദേശീയ പാതയില്‍ വിരിച്ചിരിക്കുന്ന ടൈലുകള്‍ ഇളകിയതു നേരിയ കുരുക്ക് സൃഷ്ടിക്കുന്നുണ്ടെങ്കിലും,
മേല്‍പ്പാലത്തിന്റെ രണ്ട് അറ്റങ്ങളിലായി യു ടേണ്‍ ക്രമീകരിച്ചതും ഇവിടെ ആവശ്യത്തിന് വീതിയുള്ളതുമാണു ഗതാഗത കുരുക്ക് വലിയ രീതിയില്‍ അനുഭവപ്പെടാത്തതിനു പ്രധാന കാരണം.
എറണാകുളത്തുനിന്ന് കാക്കനാടേക്ക് പോകുന്ന വാഹനങ്ങള്‍ സിവില്‍ ലൈന്‍ റോഡ് വഴി പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞു കുക്കറി റെസ്റ്റോറന്റിന് സമീപത്തുനിന്നുമാണു യുടേണ്‍ എടുക്കേണ്ടത്.
കാക്കനാട് നിന്ന് എറണാകുളത്തേക്ക് പോകുന്ന വാഹനങ്ങള്‍ സിവില്‍ ലൈന്‍ റോഡ് വഴി ആലിന്ചുവട്ടില്നിന്നു പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് കലൂര്‍ ടയേഴ്സിന് സമീപത്തുവച്ച് യുടേണ്‍ എടുത്തും
എറണാകുളത്തേക്ക് പോകുന്ന തരത്തിലാണു ക്രമീകരണങ്ങള്‍ നടപ്പാക്കിയിട്ടുള്ളത്. യു ടേണ്‍ എടുക്കുന്ന സ്ഥലങ്ങളില്‍ നേരിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും ഏതാനും സമയങ്ങള്‍ മാത്രമേ ഇതു നീണ്ടുനില്ക്കാറുള്ളൂ.