ചിലരുടെ മനസ്സ് അങ്ങനെയാണ് ഒരിക്കലും കാരുണ്യം വറ്റില്ല. കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കുന്നതിനായി മുട്ടോളം നീണ്ടു കിടന്ന തന്റെ തലമുടി വെട്ടി നല്‍കിയാണ് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അപര്‍ണ വ്യത്യസ്തയായത്. മുടി തൃശൂരിലെ അമല ഹോസ്പിറ്റലിനാണ് ദാനം ചെയ്തത്. തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ (ഇരിങ്ങാലക്കുട) സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ അപര്‍ണ മൂന്നു വര്‍ഷം മുമ്പും തലമുടി 80% നീളത്തില്‍ മുറിച്ച് കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ ഒരുപടി കൂടി കടന്ന് തല മൊട്ടയാക്കി.
മുടി മുറിക്കുന്നതില്‍ മാത്രമല്ല മറ്റു പല മേഖലകളിലും അപര്‍ണ മിടുക്കിയാണ്. നെഹ്റു ട്രോഫി വള്ളംകളിയില്‍ ഇത്തവണ തെക്കനോടി വിഭാഗത്തില്‍ ഒന്നാമതെത്തിയത് അപര്‍ണ കൂടി തുഴയെറിഞ്ഞ കേരള പൊലീസിന്റെ വനിതാ ടീമായിരുന്നു. 2015ലെ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും അപര്ണയ്ക്ക് ലഭിച്ചിട്ടുണ്ട്. ടി.വി-പത്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും അപര്‍ണയുടെ പല കാരുണ്യ പ്രവൃത്തികളും വാര്‍ത്തയായിരുന്നു. ആശുപത്രിയില്‍ ബില്ലടയ്ക്കാന്‍ നിവൃത്തിയില്ലാതെ നിന്ന സാധുവിന് തന്റെ കൈയിലെ സ്വര്‍ണവള ഊരി നല്കിയതും, തെരുവില്‍ അലഞ്ഞ വൃദ്ധയെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കുളിപ്പിച്ച് വൃത്തിയാക്കി ബന്ധുക്കളെ ഏല്പിച്ചതും അപര്‍ണയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ചിലതു മാത്രമായിരുന്നു. അപര്ണയെപ്പോലെയുള്ള പോലീസുകാരെയാണ് ഈ നാടിന് ആവശ്യമുള്ളതും.